കോളജ് ബസ് കയറി അധ്യാപകൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്

കൊച്ചി: അധ്യാപകൻ കോളജ് ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തു. മൂക്കന്നൂർ ഫിസാറ്റ് കോളജിലെ അധ്യാപകൻ ഷിനോയ് ജോർജ് (37) മരിച്ച സംഭവത്തിലാണ് ബസ് ഡ്രൈവർ വൈറ്റില സ്വദേശി ഡെന്നി തോമസിനെതിരെ (51) അങ്കമാലി പൊലീസ് കേസെടുത്തത്. ഈ മാസം 14ന് രാവിലെ 8.40ന് കാമ്പസില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തായിരുന്നു അപകടം. വിവിധ ഭാഗങ്ങളില്‍നിന്ന് ഫിസാറ്റിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും കോളജ് ബസിലാണ് പതിവായി കാമ്പസിലെത്തുന്നത്. അന്നേ ദിവസം അവസാനമാണ് ഷിനോയിയും കോളജിലെ ഓഫിസറും ഇറങ്ങിയത്. ഷിനോയി ബസിന് പിറകിലൂടെ നടന്നകലുമ്പോഴാണ് ഡ്രൈവര്‍ ശ്രദ്ധിക്കാതെ പിന്നോട്ടെടുക്കുകയും മറ്റൊരു ബസിനോടൊപ്പം അമരുകയും ചെയ്തത്. അപകടം കണ്ട് ഓഫിസര്‍ ഒച്ചവെച്ചതോടെ ബസ് മുന്നോട്ടെടുത്തെങ്കിലും ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന അധ്യാപകന്‍ വാരിയെല്ലുകള്‍ തകര്‍ന്ന് അവശനിലയിലായിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിച്ചു. നില ഗുരുതരമായതോടെ കഴിഞ്ഞ ദിവസം രാത്രി വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അതിനിടെ, അധ്യാപക​െൻറ മരണത്തിന് വഴിയൊരുക്കിയ കോളജിലെ ബസ് സര്‍വിസുകളെ സംബന്ധിച്ചും അധികൃതരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികൾക്കും അധ്യാപകര്‍ക്കുമിടയിലെ ആക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. അധ്യാപക‍​െൻറ മരണത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് സംഭവത്തില്‍ വിശദമായ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.