അമ്പലപ്പുഴ: ടി.ഡി മെഡിക്കൽ കോളജില്‍നിന്ന് ആക്രിസാധനങ്ങള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാരെ പിടികൂടി. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ പി.കെ. പ്രതാപനാണ് പാര്‍ട് ടൈം സ്വീപ്പര്‍മാരെ പിടികൂടിയത്. തൂപ്പ് ജോലിക്കിടെ കോളജില്‍ ആവശ്യമുള്ള ഇരുമ്പ്, പ്ലാസ്റ്റിക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വാരിക്കൂട്ടി ഇവരുടെ മുറിയില്‍ സൂക്ഷിക്കുകയാണ് പതിവ്. പിന്നീട് ആഴ്ചയില്‍ ഒരിക്കല്‍ കുറവന്തോട് ജങ്ഷന് സമീപത്തെ ആക്രിക്കടയില്‍ എത്തിച്ച് വിറ്റ് പണം വീതിച്ചെടുക്കും. ഇത്തരത്തില്‍ സാധനങ്ങള്‍ വില്‍ക്കാൻ ശനിയാഴ്ച രാവിലെ ജോലിസമയത്ത് കാക്കി യൂനിഫോമില്‍ ആക്രിക്കടയില്‍ എത്തിയ ഇരുവരും ട്രോളിയുമായി ഇവരുടെ മുറിയില്‍ എത്തി. ഇവരെ പിന്തുടര്‍ന്ന നാട്ടുകാര്‍ ഉടന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു. കോളജില്‍നിന്ന് ഇത്തരത്തില്‍ സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിയതിന് ജീവനക്കാര്‍ പലതവണ ഇരുവരെയും പിടികൂടിയിട്ടുണ്ടെങ്കിലും കേസ് ഒഴിവാക്കുകയായിരുന്നു. ശനിയാഴ്ച നടന്ന മോഷണവും ഇത്തരത്തില്‍ ഒഴിവാക്കാനാണ് കോളജ് അധികൃതരുടെ നീക്കം. കേരളത്തിൽ ക്ഷീരോൽപാദനം ലാഭകരമായി -മന്ത്രി തോമസ് ഐസക് ആലപ്പുഴ: ശാസ്ത്രീയ മാർഗങ്ങളിലൂടെ കേരളത്തിെൻറ ക്ഷീരമേഖലയിൽ സുസ്ഥിരാവസ്ഥ സൃഷ്ടിക്കാൻ സർക്കാറിന് കഴിഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന മാതൃക പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ കിടാരി വളർത്തൽ പദ്ധതിയുടെയും കെപ്കോയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പൗൾട്രി ക്ലബിെൻറയും വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അേദ്ദഹം. 57 ക്ഷീരകർഷകർക്ക് 10 മാസം പ്രായമായ കിടാരികളെയാണ് നൽകിയത്. എസ്.എൽ പുരം സ്കൂളിലെ ആറുമുതൽ ഒമ്പതുവരെയുള്ള കുട്ടികളെ പൗൾട്രി ക്ലബിൽ അംഗമാക്കി ഒരു കുട്ടിക്ക് അഞ്ച് കോഴിയെയാണ് നൽകുന്നത്. പാൽ ഉൽപാദനത്തിെൻറ കാര്യത്തിൽ മിക്ക ബ്ലോക്കും സ്വയംപര്യാപ്തതയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡി. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. പൗൾട്രി െഡവലപ്മെൻറ് കോർപറേഷൻ ചെയര്‍പേഴ്‌സൻ ചിഞ്ചുറാണി സ്കൂൾ ക്ലബ് ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഭ മധു, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പി.സി. സുനിൽകുമാർ, ഡോ. വിനോദ് ജോൺ, ഷീബ എസ്. കുറുപ്പ്, ഡോ. ജയശ്രീ, എസ്. രാധാകൃഷ്ണൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിന് സമീപം പുകയില ഉൽപന്നങ്ങൾ വിറ്റയാളെ ഏഴാമതും പിടികൂടി നീർക്കുന്നം: തകഴി സ്മാരക ഗവ. യു.പി സ്കൂളിന് സമീപം വിദ്യാർഥികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റയാളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി പഞ്ചായത്ത് വിരുപ്പാല തൈച്ചിറയിൽ യശോധരനാണ് (51) പിടിയിലായത്. ഏഴാം തവണയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. മുമ്പ് പിടികൂടിയപ്പോഴെല്ലാം ഇയാളെ താക്കീത് നൽകി വിട്ടയച്ചിരുന്നു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.