ആവശ്യത്തിന് ഉദ്യോഗസ്‌ഥരില്ല; ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം താളം തെറ്റുന്നു

ആലുവ: തിരക്കേറിയ ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതായതോടെ പ്രവര്‍ത്തനം താളം തെറ്റുന്നു. കേസുകള്‍ കെട്ടിക്കിടക്കുന്നതിനൊപ്പം ക്രമസമാധാനം വരെ ഭീഷണി നേരിടുന്നു. റൂറല്‍ ജില്ലയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്‌റ്റേഷനാണ് ആലുവ. ഇവിടെ ദിനം പ്രതി ഡ്യൂട്ടികള്‍ കൂടിവരുകയാണ്. എന്നാല്‍, ഇതിനനുസൃതമായി ഉദ്യോഗസ്‌ഥരില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറവ് ഉദ്യോഗസ്‌ഥരാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് ഈസ്‌റ്റ് സ്‌റ്റേഷന്‍ വിഭജിച്ച് എടത്തലയില്‍ പുതിയ സ്‌റ്റേഷന്‍ ആരംഭിച്ചിരുന്നു. സ്‌റ്റേഷ‍​െൻറ ഉദ്ഘാടന സമയത്ത് ഇവിടേക്ക് അമ്പതിലേറെ ഉദ്യോഗസ്‌ഥരെ അനുവദിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് സമയമായിരുന്നതിനാല്‍ ധനകാര്യ വകുപ്പി​െൻറ ഉത്തരവ് ഇറങ്ങാന്‍ താമസിച്ചു. ഇതോടെ ആലുവ ഈസ്‌റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരുടെ അംഗസംഖ്യ വെട്ടിക്കുറച്ച് ഉദ്യോഗസ്‌ഥരെ എടത്തല സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇരു സ്‌റ്റേഷനുകളിലും ആവശ്യത്തിന് ഉദ്യോഗസ്‌ഥരില്ലാത്ത അവസ്‌ഥയായി. എടത്തല സ്‌റ്റേഷന്‍ നിലവില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന എല്ലാ ജോലികളും ആലുവ ഈസ്‌റ്റ് സ്‌റ്റേഷനില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തി​െൻറ സാമീപ്യവും, ദേശീയ പാത കടന്നുപോകുന്നതിനാലും നിത്യേന വി.ഐ.പി എസ്‌കോര്‍ട്ട്, പൈലറ്റ് ജോലികള്‍ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം ഒന്നിലധികം ഡ്യൂട്ടികളുണ്ടാകും. ആലുവ റെയില്‍വേ സ്‌റ്റേഷന്‍, മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ വർധിച്ച് വരുന്ന ഡ്യൂട്ടികളും ഈസ്‌റ്റ് സ്‌റ്റേഷ‍​െൻറ ചുമതലയിലാണ്. സംസ്‌ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇതര സംസ്‌ഥാനക്കാര്‍ വന്നിറങ്ങുന്ന റെയില്‍വേ സ്‌റ്റേഷനാണ് ആലുവ. രാപകല്‍ ഭേദമന്യേ ഏത് സമയവും പൊലീസി‍​െൻറ നിരീക്ഷണം ഇവിടെ അനിവാര്യമാണ്. പലപ്പോഴും ലഹരി വസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ട് ഇവിടെ പരിശോധനകളിലും ഈസ്‌റ്റിലെ ഉദ്യോഗസ്‌ഥര്‍ പങ്കെടുക്കേണ്ടി വരുന്നുണ്ട്. റെയില്‍വേ, പെരിയാര്‍ എന്നിവിടങ്ങളിലെ അപകട മരണങ്ങള്‍, മിനി സിവില്‍ സ്‌റ്റേഷന്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ ബന്ധപ്പെട്ട ഡ്യൂട്ടികളും ഈസ്‌റ്റ് സ്‌റ്റേഷനാണ് കൈകാര്യം ചെയ്യേണ്ടത്. ഇത്തരത്തില്‍ വളരെയേറെ ഉത്തരവാദിത്തപ്പെട്ട ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിക്കേണ്ടതിന് നിലവിലുള്ള ഉദ്യോഗസ്‌ഥരുടെ അംഗസംഖ്യ അപര്യാപ്തമായതിനാല്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. നിത്യേനയുള്ള കാര്യങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും നോക്കാന്‍ പോലും ഉദ്യോഗസ്‌ഥര്‍ തികയാത്ത അവസ്‌ഥയാണ്. ഇതുമൂലം കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നടക്കുന്നില്ല. സമീപകാലത്ത് നിരവധി കവര്‍ച്ചകളാണ് ആലുവയില്‍ നടന്നത്. എന്നാല്‍, ഇതില്‍ ഒരു കേസി​െൻറ തുമ്പുപോലും ഉണ്ടാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കായിട്ടില്ല. ഈസ്‌റ്റ് സ്‌റ്റേഷ​െൻറ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വെട്ടിക്കുറച്ച അംഗസംഖ്യ പുനഃസ്‌ഥാപിക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം എടത്തല സ്‌റ്റേഷന് ആവശ്യമായ ഉദ്യോഗസ്‌ഥരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.