ജീവിതത്തിലും പഠനത്തിലും സ്​നേഹക്ക്​ കൂട്ട്​ തട്ടുകടയിലെ സ്​നേഹം

വടുതല (ആലപ്പുഴ): കടുത്ത ദുരിതങ്ങൾക്കിടയിൽ ഉദ്വേഗജനകമായ സിനിമക്കഥപോലെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് ആര്‍.വി. സ്‌നേഹ. തട്ടുകടയിലെ വരുമാനം കൊണ്ടാണ് സ്നേഹയുടെയും അമ്മയുടെയും ജീവിതം. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ്കൂടിയായ ഇൗ 24കാരി ജോലിക്കിടയിലും പഠിച്ച് മുന്നേറുകയാണ്. നാരങ്ങവെള്ളവും മിഠായികളും വിൽപന നടത്തി പ്രതിസന്ധികളെയെല്ലാം തരണം ചെയ്യുകയാണ് ഇൗ മിടുക്കി. ചെറുപ്രായത്തില്‍ പിതാവി​െൻറ മരണം. ജീവിതം കടുത്ത പ്രതിസന്ധിയിലായപ്പോൾ തുണയായി അമ്മ മാത്രം. വിധിക്കുമുന്നിൽ അവൾ തളര്‍ന്ന് പിന്മാറിയില്ല. തട്ടുകടക്കാരി, വിദ്യാർഥിനി, സിനിമ-സീരിയൽ നടി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് അങ്ങനെ ജീവിതത്തിൽ പല വേഷങ്ങളും അവൾ കെട്ടി. രാജേന്ദ്രൻ പിള്ളയുടെയും വിജയമ്മയുടെയും ഏക മകളായ സ്നേഹ ഹരിപ്പാട് കുമാരപുരത്തെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമാണ് താമസം. ദേവസ്വം വക കെട്ടിടത്തിലാണ് സ്നേഹയുടെയും അമ്മയുടെയും തട്ടുകട. തട്ടുകടക്കൊപ്പം മറ്റുപല ജോലികളും ചെയ്തിരുന്ന അച്ഛൻ ശ്വാസതടസ്സവും അനുബന്ധരോഗങ്ങളും മൂര്‍ച്ഛിച്ച് 2008 സെപ്റ്റംബര്‍ 23ന് മരിച്ചു. മുന്നിൽ ശൂന്യമായ അവസ്ഥ. സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ച നാളുകൾ. മറ്റാരുടെയും സഹായമില്ലാതെ ജോലി ചെയ്ത് മുന്നേറണമെന്ന് അമ്മക്ക് നിര്‍ബന്ധമായിരുന്നു. തട്ടുകട അമ്മ ഏറ്റെടുത്തു. പഠനത്തിനാണ് മുന്‍തൂക്കമെന്ന് പറഞ്ഞ് അമ്മ സ്നേഹത്തോടെ സ്നേഹയെ മാറ്റിനിര്‍ത്തി. ഒടുവിൽ എറണാകുളം മഹാരാജാസില്‍ പി.ജിക്ക് പഠിക്കുമ്പോള്‍ തട്ടുകടയുടെ ചുമതല സ്നേഹ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ തട്ടുകടയിലെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നത് ഇൗ പെൺകുട്ടിയാണ്. രാവിലെ ആറോടെ കോളജിലേക്ക് തിരിക്കും. പഠനത്തോടൊപ്പം കലാലയ രാഷ്ട്രീയവും മുന്നോട്ട് കൊണ്ടുപോവുന്നതിന് ഇൗ രണ്ടാംവർഷ എം.എ വിദ്യാർഥിനിക്ക് കഴിയുന്നു. പുലർച്ച എഴുന്നേല്‍ക്കുന്ന അമ്മ കാപ്പിയും ഉച്ചഭക്ഷണവും തയാറാക്കും. തട്ടുകടയിലേക്കുവേണ്ട സാധനങ്ങളെല്ലാം വാങ്ങുന്ന സ്നേഹതന്നെയാണ് വൈകീട്ട് തട്ടുകട നോക്കുന്നത്. സോഡമോരാണ് സ്പെഷല്‍. മോരിനും സോഡക്കുമൊപ്പം അമ്മയുടെ ചില പൊടിക്കൈകളും ഇതിലുണ്ട്. സോഡമോര് കലത്തിലൊഴിച്ചാണ് കൊടുക്കുന്നത്. മറ്റൊരു സ്പെഷല്‍ മോരുംവെള്ളമാണ്. സ്പെഷല്‍ സോഡ സര്‍ബത്ത്, വെന്നി സര്‍ബത്ത് എന്നിവയുമുണ്ട്. പച്ചമരുന്നുകളെല്ലാം അരച്ച് ചേര്‍ത്തൊരു സര്‍ബത്താണ് വെന്നി. ഇതിനൊക്കെ പുറെമ ചായയും കാപ്പിയും ചെറുകടിയും ഉച്ചഭക്ഷണവുമൊക്കെയുണ്ട്. കമ്യൂണിസ്റ്റായിരുന്ന അച്ഛന്‍ പിന്നീടെപ്പോഴോ പാര്‍ട്ടിയില്‍നിന്ന് അകന്നു. അതിനുശേഷം കോണ്‍ഗ്രസി​െൻറ സജീവപ്രവര്‍ത്തകനായി. അച്ഛനൊപ്പം പാര്‍ട്ടി പരിപാടികളിൽ പോയാണ് കോണ്‍ഗ്രസിനോട് താൽപര്യം തോന്നിയത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പ്രിയപ്പെട്ടവളായ സ്നേഹ സംഘടന തെരഞ്ഞെടുപ്പിലൂടെയാണ് കോണ്‍ഗ്രസി​െൻറ വിദ്യാർഥിപ്രസ്ഥാനത്തി​െൻറ സംസ്ഥാന നേതൃനിരയിലെത്തുന്നത്. എം.എക്ക് ശേഷം എൽഎൽ.ബിക്ക് ചേരണമെന്നാണ് ആഗ്രഹം. അടച്ചുറപ്പുള്ള വീട് മനസ്സിലുള്ള സ്വപ്നമാണ്. ഒരുദിവസം ക്ലാസ് കട്ടുചെയ്ത് കൂട്ടുകാര്‍ക്കൊപ്പം പുറത്തേക്കിറങ്ങിയപ്പോഴാണ് കോളജില്‍ 'ബാല്യകാലസഖി'യിലേക്കുള്ള ഒഡിഷന്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. അഭിനയരംഗത്തോടുള്ള താൽപര്യം അറിയാവുന്ന സുഹൃത്തുക്കള്‍ പേര് ചേര്‍ത്തു. പെരുമ്പളം ദ്വീപിലായിരുന്നു ഷൂട്ടിങ്. കൂട്ടുകാരുടെ കൈയില്‍നിന്ന് വണ്ടിക്കൂലി വാങ്ങിയാണ് പോയത്. മമ്മൂക്കയുടെ അനുഗ്രഹം വാങ്ങി കൊച്ചുത്രേസ്യയായി അഭിനയിച്ചു. വില്ലാളിവീരന്‍, കഥാഭാഗം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദര്‍ശൻ സംപ്രേഷണം ചെയ്ത 'കൂടുമാറ്റം' ഡോക്യുമ​െൻററിയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറി​െൻറ പുരസ്കാരം സ്നേഹയെ തേടിയെത്തിയിരുന്നു. -തൗഫീഖ് അസ്‌ലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.