കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാട്ടാനക്കൂട്ടം

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ദേശീയപാതയിൽ നേര്യമംഗലത്തിനും ആറാം മൈലിനുമിടയിൽ മൂന്നുകലുങ്ക് ഭാഗത്താണ് കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒരാഴ്ച മുമ്പ് പകൽ ഇവിടെ കാട്ടുകൊമ്പനിറങ്ങിയിരുന്നു. രാത്രി 10ന് മൂന്നാറിൽനിന്ന് വിദേശ വിനോദസഞ്ചാരികളുമായി നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന വാഹനത്തി​െൻറ ഡ്രൈവറാണ് ആനക്കൂട്ടത്തെ കണ്ടത്. ആറ് ആനകളടങ്ങുന്ന കൂട്ടം റോഡ് മുറിച്ചുകടന്ന് പോകുന്നതാണ് കണ്ടത്. മാമലക്കണ്ടം, ആവറുകുട്ടി വനമേഖലകളിൽനിന്ന് കാട്ടാനകൾ പെരിയാറ്റിലേക്ക് വെള്ളം കുടിക്കാനെത്തുന്ന ആനത്താരയിൽപെട്ട പ്രദേശമാണ് മൂന്നുകലുങ്ക്. ആനകൾ മൂന്നുകലുങ്കിൽനിന്ന് പഴമ്പിളിച്ചാൽ തോടും ദേവിയാർ പുഴയും സംഗമിക്കുന്ന ഭാഗത്ത് എത്തി വെള്ളം കുടിച്ച് മടങ്ങുകയാണ് പതിവ്. ആലുവ-മൂന്നാർ പഴയ രാജപാതയുടെ നാശത്തിന് ശേഷം നേര്യമംഗലം വഴി റോഡ് നിർമിക്കുമ്പോൾ ആനകൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്ന രീതിയിൽ റോഡിനടിയിലൂടെ ഇടനാഴികൾ തീർത്തിരുന്നു. എന്നാൽ, റോഡ് പുതുക്കിപ്പണിയുന്ന ഘട്ടങ്ങൾ ആനത്താരകൾ നശിപ്പിക്കപ്പെടുകയായിരുന്നു. ഇതോടെ ആനകൾ കുട്ടമ്പുഴയാറ്റിലേക്ക്‌ നീങ്ങി. സമീപകാലത്ത് ആനകളുടെ എണ്ണം വർധിക്കുകയും വനത്തിനുള്ളിൽ ജലദൗർലഭ്യം രൂക്ഷമായതോടെ മറ്റ് വഴികൾ തേടിയുള്ള യാത്രകളുമാകാം ദേശീയപാതയിൽ ആനകളുടെ സാന്നിധ്യം വർധിക്കാനിടയായതെന്ന് കരുതുന്നു. ദേശീയപാതയിൽ വേണ്ടത്ര മുൻകരുതൽ ഒരുക്കാൻ വനം വകുപ്പും ദേശീയപാത അധികൃതരും തയാറാകണമെന്ന ആവശ്യം ശക്തമാവുകയാണ്. പശ്ചിമഘട്ട മലനിരകളിൽ കാട്ടുതീ കോതമംഗലം: പശ്ചിമഘട്ട മലനിരകളിൽ കാട്ടുതീ പടരുന്നു. അധികൃതർ നിസ്സംഗത തുടരുന്നതിനാൽ ജൈവവൈവിധ്യ കലവറ വെന്ത് വെണ്ണിറാവുകയാണ്. നേര്യമംഗലം, കുട്ടമ്പുഴ, മുള്ളരിങ്ങാട് റേഞ്ചുകളിലാണ് തീ പടരുന്നത്. ആവോലിച്ചാൽ, ഇഞ്ചത്തൊട്ടി മേഖലയിലാണ് ഒരാഴ്ചയായി കാട്ടുതീ പടർന്ന് പിടിക്കുന്നത്. കടുത്ത വേനലിൽപോലും കുളിരേകി തണൽ വിരിച്ച് നിൽക്കുന്ന പച്ചമരങ്ങളാണ് കത്തിനശിക്കുന്നത്. വനമേഖലയോട് ചേർന്ന പുൽമേടുകൾ ഉണങ്ങിത്തുടങ്ങിയതോടെയാണ് കാട്ടുതീ പടർന്ന് പിടിക്കാൻ തുടങ്ങിയത്. അപൂർവ സസ്യ ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയാണ് നിമിഷനേരംകൊണ്ട് നശിക്കുന്നത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന കൂറ്റൻ മരങ്ങളും തീയിൽ അമരുകയാണ്. വനമേഖലയോട് ചേർന്ന വഴിയോരങ്ങളിൽനിന്നാണ് കാട്ടുതീ അധികവും പടരുന്നത്. വേനലിന് മുമ്പ് കാട്ടുതീ പടരുന്നത് തടയാനുള്ള ഫയർലൈൻ തെളിക്കൽ പൂർത്തിയാക്കാത്തതും തീപടരാൻ കാരണമായി. ചെറുജീവികളായ കൂരൻ, മുള്ളൻപന്നി, മുയൽ, കാട്ടുകോഴി എന്നിവയെ വേട്ടയാടാനും തീയിടുന്നത് വൻ തീപിടിത്തമായി മാറുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ആഴ്ചയിൽ ദേശീയപാതയിലെത്തിയ ആനയെ വിരട്ടാൻ പന്തം എറിഞ്ഞതിൽനിന്ന് തീ പടർന്നതായും ആരോപണമുണ്ട്. വനമേഖലയിലെ തീ പടർന്നാൽ അണക്കാൻ വനം വകുപ്പിന് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പരമ്പരാഗത രീതിയിൽ പച്ചത്തലപ്പുകൾ ഒടിച്ച് തല്ലിക്കെടുത്തുകയാണ്. അഗ്്നിരക്ഷ സേനയെ ആശ്രയിച്ചാണ് വലിയ തീ കെടുത്തുന്നത്. എന്നാൽ, ഉൾക്കാടുകളിൽ എത്തി തീ അണക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തത് വൻ തിരിച്ചടിയാവുകയും ചെയ്യുന്നു. ഇഞ്ചത്തൊട്ടിയിലെയും നേര്യമംഗലത്തെയും വനമേഖലകൾക്ക് കിലോമീറ്ററുകൾ അകലെനിന്നുപോലും പകലും രാത്രിയും തീയും പുകയും ഉയരുന്നത് കാണാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.