അപ്രോച്ച് റോഡ് നിര്‍മിച്ചില്ല; മൂന്നുവർഷമായി 30 ലക്ഷത്തി​െൻറ പാലം നോക്കുകുത്തി

മൂവാറ്റുപുഴ: അപ്രോച്ച് റോഡ് നിര്‍മിക്കാത്തതിനാല്‍ 30 ലക്ഷം രൂപ മുടക്കി പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിൽ മുളവൂർ തോടിന് കുറുകെ നിര്‍മിച്ച മുളവൂര്‍-വായനശാലപ്പടി പാലം ഉപയോഗശൂന്യമായി. മൂന്നുവര്‍ഷം മുമ്പാണ് ജില്ല പഞ്ചായത്ത് പാലം നിർമിച്ചത്. സ്ഥലമേറ്റെടുക്കല്‍ വൈകിയതും എട്ട് മീറ്റര്‍ വീതിയില്ലാത്തതിനാല്‍ ജില്ല പഞ്ചായത്തിന് ഫണ്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതും അപ്രോച്ച് റോഡ് നിര്‍മാണം വൈകാന്‍ കാരണമായി. നാല് മീറ്റര്‍ വീതിയിലും 20 മീറ്റര്‍ നീളത്തിലും നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം നിലംതൊടാതെ നിൽക്കുകയാണ്. 2014-15 സാമ്പത്തികവര്‍ഷത്തില്‍ ജില്ല പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതിയാണിത്. പദ്ധതി അവസാനിപ്പിച്ച് കരാറുകാരൻ പിന്‍വാങ്ങുകയും ചെയ്തു. വെസ്റ്റ് മുളവൂര്‍ കനാല്‍ ബണ്ട് റോഡിലെ എം.എസ്.എം സ്‌കൂളിന് സമീപത്തുനിന്ന് ആരംഭിച്ച് പുതുപ്പാടി-ഇരുമലപ്പടി റോഡിലെ മുളവൂരിനെയും വായനശാലപ്പടിയെയും ബന്ധിപ്പിക്കുന്നതിനാണ് ജില്ല പഞ്ചായത്ത് ഇവിടെ പാലം അനുവദിച്ചത്. പാലമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാലത്തി​െൻറ ഒരുവശത്ത് നാട്ടുകാര്‍ താല്‍ക്കാലിക മരക്കോണി നിര്‍മിച്ചാണ് പാലത്തിൽ കയറുന്നത്. പാലത്തോടനുബന്ധിച്ച് നീര്‍ത്തടം പരിപാലന പദ്ധതിയിൽപെടുത്തി 16 ലക്ഷം രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുളവൂര്‍-വായനശാലപ്പടി റോഡിലേക്ക് അപ്രോച്ച് റോഡും സംരക്ഷണഭിത്തിയും കുറച്ച് ഭാഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാലം നിര്‍മാണം ഏറ്റെടുത്ത ഘട്ടത്തില്‍ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാതെ പണിയാരംഭിച്ചതാണ് പ്രശ്നമായത്. റോഡ് വിഭാവനം ചെയ്തതും സ്ഥലമേറ്റെടുത്തതും അശാസ്ത്രീയമായിരുന്നു. പാലം പണി പൂര്‍ത്തിയാക്കിയ ശേഷം മധ്യസ്ഥ ചര്‍ച്ച നടത്തി ആറ് മീറ്റര്‍ വീതിയില്‍ സ്ഥലം ലഭ്യമാക്കിയിരുന്നു. എന്നാല്‍, കൊടും വളവായതിനാല്‍ പാലത്തിലേക്ക് വാഹനം കയറിയിറങ്ങില്ലെന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും പറയുന്നു. പാലത്തി​െൻറ അപ്രോച്ച് റോഡിനോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.