'കൃതി' അന്താരാഷ്​ട്ര പുസ്തകോത്സവം ഇന്നുമുതൽ

കൊച്ചി: 'കൃതി' അന്താരാഷ്ട്ര പുസ്തക-സാഹിത്യോത്സവത്തിന് വ്യാഴാഴ്ച കൊച്ചിയിൽ തുടക്കമാകും. വൈകീട്ട് ഏഴിന് മറൈൻ ഡ്രൈവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് സഹകരണ വകുപ്പിനുകീഴിലെ വകുപ്പുകളെ ഏകോപിപ്പിച്ച് ഇൗ മാസം 11 വരെ നീളുന്ന മേള സംഘടിപ്പിക്കുന്നത്. കൊച്ചി ധരണി അവതരിപ്പിക്കുന്ന കേരളീയ നൃത്തരൂപങ്ങളോടെ വൈകീട്ട് അഞ്ചിന് ചടങ്ങിന് തുടക്കമാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രഫ. എം.കെ. സാനു സാഹിത്യോത്സവ പ്രഖ്യാപനം നടത്തും. ഫെസ്റ്റിവല്‍ രക്ഷാധികാരി എം.ടി. വാസുദേവന്‍ നായർ സന്ദേശം നൽകും. 'ഒരുകുട്ടിക്ക് ഒരുപുസ്തകം' പദ്ധതിയിലെ കൂപ്പൺ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ സജ്ജീകരിക്കുന്ന 425 അടി നീളവും 100 അടി വീതിയുമുള്ള ശീതീകരിച്ച ഹാളിലാണ് പുസ്തകമേള. ജനറല്‍-ഇംഗ്ലീഷ്, ജനറല്‍-മലയാളം, സയന്‍സ് ടെക്‌നോളജി, അക്കാദമിക്, ബാലസാഹിത്യങ്ങൾ വിഭാഗങ്ങളിലായി ഇന്ത്യക്കകത്തും പുറത്തുമുള്ള 80 പ്രസാധകര്‍ പെങ്കടുക്കും. ബാലസാഹിത്യത്തിൽ മാത്രം ഒന്നരലക്ഷത്തോളം പുസ്തകങ്ങളുണ്ടാകും. പ്രവേശനം സൗജന്യമാണ്. മേള നടക്കുന്ന ദിവസങ്ങളില്‍ അമ്പതിലേറെ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. കേരളീയ നൃത്തരൂപങ്ങളുടെ അവതരണത്തോടെ കലോത്സവം തുടങ്ങും. ധരണി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്തപരിപാടിയില്‍ മോഹിനിയാട്ടം, ഒപ്പന, മാര്‍ഗംകളി, മലബാര്‍ കോല്‍ക്കളി, പരിചമുട്ടുകളി, ശീതങ്കന്‍ തുള്ളല്‍, തിരുവാതിരക്കളി തുടങ്ങിയവ വേദിയിലെത്തും. മറൈന്‍ ഡ്രൈവിലെ വേദിക്ക് സമീപം തയാറാക്കിയ ഹാളിൽ ദിവസവും വൈകീട്ട് അഞ്ചിനാണ് കലാപരിപാടികൾ. 'വാക്കും വർണങ്ങളും' ചിത്രകല ക്യാമ്പ് കൊച്ചി: കേരള ലളിതകല അക്കാദമിയുടെ 'വാക്കും വർണങ്ങളും' ചിത്രകല ക്യാമ്പിന് മറൈൻ ൈഡ്രവിൽ സംഘടിപ്പിക്കുന്ന കൃതി അന്തർദേശീയ പുസ്തകോത്സവം വേദിയാകും. വ്യാഴാഴ്ച രാവിലെ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്യും. ഡോ. ഷാജു നെല്ലായി, അവണവ് നാരായണൻ, കെ.പി. വിൽഫ്രഡ്, വേണു എരമല്ലൂർ, ദീപ, മിനി എനോക്, സജീവ്, സലീഷ്, ഷിബി ബാലകൃഷ്ണൻ, സുരേഷ് പണിക്കർ, അഭിരാഗ്, വി.സി. സുജിത്ത്, ടി.ഡി. ഉണ്ണികൃഷ്ണൻ, വിജി എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിനോടനുബന്ധിച്ച് 'കല, സമൂഹം, ഫാഷിസം' വിഷയത്തിൽ മാർച്ച് ഒമ്പതിന് രാവിലെ ബോൾഗാട്ടി പാലസിൽ സെമിനാറും നടക്കും. കലാചരിത്രകാരന്മാരും നിരൂപകരുമായ സുനീത് ചോപ്ര, എം.എൽ. ജോണി, സദാനന്ദ് മേനോൻ, പി. സുധാകരൻ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.