കൊച്ചി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന-ജില്ല ഭരണവും രേഖകളും ഉടൻ ബന്ധപ്പെട്ട കക്ഷികൾക്ക് കൈമാറുമെന്ന് സർക്കാർ ഹൈകോടതിയിൽ. റെഡ് ക്രോസ് സൊസൈറ്റിയുടെ ഭരണം ഏറ്റെടുത്തത് റദ്ദാക്കി ഭാരവാഹികൾക്ക് തിരിച്ചു നൽകാനുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവ് നടപ്പാക്കണമെന്ന ഹരജിയിലാണ് സർക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ഇക്കാര്യം അറിയിച്ചത്. പാലക്കാട് ജ്യോതി നഗറിൽ വി.പി. മുരളീധരൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2016 ആഗസ്റ്റ് 25നാണ് ഭരണം തിരിച്ചു നൽകാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. പിന്നീട് സുപ്രീംകോടതിയും ഇതു ശരിെവച്ചു. എന്നാൽ, ഭരണവും രേഖകളും കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം, കണ്ണൂർ, ആലപ്പുഴ, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ല കലക്ടർമാർ ഉൾപ്പെടെ ഹരജിയിൽ എതിർ കക്ഷികളാണ്. റെഡ് ക്രോസ് സൊസൈറ്റിയുടെ ജില്ലതല ഭരണം ഇവരാണ് ഏറ്റെടുത്തത്. ഹരജി വീണ്ടും ജൂൺ 28ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.