പൂർണമായും വയർലസ് വാർത്തവിനിമയ സംവിധാനം ഏർപ്പെടുത്തും കൊച്ചി: എക്സൈസ് വകുപ്പിൽ വിപുലമായ ആധുനികവത്കരണത്തിന് പദ്ധതി തയാറാകുന്നു. ആധുനികവത്കരണ നടപടികൾക്ക് 5.25 കോടിയുടെയും സംസ്ഥാന എക്സൈസ് അക്കാദമിയുടെയും ഗവേഷണകേന്ദ്രത്തിെൻറയും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻ 75 ലക്ഷത്തിെൻറയും ബോധവത്കരണമടക്കം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരു കോടിയുടെയും പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് സമർപ്പിച്ച പദ്ധതിനിർദേശങ്ങൾക്ക് സർക്കാർ ഭരണാനുമതി നൽകി. വകുപ്പിൽ പൂർണമായും വയർലസ് വാർത്തവിനിമയ സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. ചെക്ക്പോസ്റ്റുകളും ഫീൽഡ് ഒാഫിസുകളും ആധുനികവത്കരിക്കും. വനിത സിവിൽ ഒാഫിസർമാരുടെയും വനിത പട്രോളിങ് സ്ക്വാഡുകളുടെയും സൗകര്യങ്ങൾ വർധിപ്പിക്കും. ഉദ്യോഗസ്ഥർക്ക് ജില്ലതലങ്ങളിൽ പരിശീലനം നൽകുകയും സ്ക്വാഡിെൻറ പ്രവർത്തനങ്ങൾക്ക് ആധുനിക ഉപകരണങ്ങൾ വാങ്ങുകയും ചെയ്യും. കുറ്റകൃത്യങ്ങളും കുറ്റവാളികളെയും കണ്ടെത്താനുള്ള സോഫ്റ്റ്വെയർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. ഡിവിഷൻ ഒാഫിസുകളിൽ ഇ-ഒാഫിസ് സംവിധാനം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് ഇടുക്കി ഡിവിഷനൽ ഒാഫിസിന് 4.50 ലക്ഷം, പാലക്കാടിനും മലപ്പുറത്തിനും 4.90 ലക്ഷം വീതം, കോഴിക്കോടിന് 5.70 ലക്ഷം, കണ്ണൂരിനും കാസർകോടിനും 5.30 ലക്ഷം വീതം എന്നിങ്ങനെയാണ് വകയിരുത്തിയത്. ഫീൽഡ് ഒാഫിസുകളിലെ അസി. കമീഷണർമാർക്ക് ഇൻറർനെറ്റ് സൗകര്യമടക്കം ലഭ്യമാക്കും. കഴക്കൂട്ടം, തൊടുപുഴ, ഇടുക്കി, പാലാ എന്നിവിടങ്ങളിലെ എക്സൈസ് ഒാഫിസുകളിൽ വനിത ജീവനക്കാർക്ക് വിശ്രമമുറികൾ നിർമിക്കും. ബോധവത്കരണ പരിപാടികൾക്ക് വടക്കൻ മേഖലക്ക് സഞ്ചരിക്കുന്ന ഒാഡിയോ, വിഷ്വൽ യൂനിറ്റ് സജ്ജീകരിക്കും. ജനമൈത്രി എക്സൈസ് സ്പെഷൽ സ്ക്വാഡുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കും. മദ്യവിരുദ്ധ ക്ലബുകളുമായി സഹകരിച്ച് സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി കടത്തും ഉപയോഗവും ഫലപ്രദമായി തടയാൻ ലക്ഷ്യമിട്ടാണ് എക്സൈസ് വകുപ്പിനെ ആധുനികവത്കരണത്തിലൂടെ ശക്തിപ്പെടുത്തുന്നത്. കഴിഞ്ഞവർഷം 1332.32 കിലോ കഞ്ചാവാണ് സംസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത്. ഇൗ വർഷം ആദ്യത്തെ നാലുമാസം മാത്രം 667.38 കിലോ കഞ്ചാവ് പിടിച്ചു. യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് വകുപ്പിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.