ചെങ്ങന്നൂർ: 136 കോടിയുടെ കടബാധ്യതയെ തുടർന്ന് പാപ്പർ ഹരജി കൊടുക്കുകയും സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്ത കുന്നത്തുകളത്തിൽ ഗ്രൂപ് ചെങ്ങന്നൂരിലെ സ്വർണക്കടയും വെള്ളിയാഴ്ച അടച്ചുപൂട്ടി. ഇതിനിടെ കടയിലെ ജീവനക്കാരെൻറ 30 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് പരാതിയുണ്ട്. മുളക്കുഴ കാരക്കാട് പുത്തൻകളീക്കൽ വീട്ടിൽ പി.എസ്. മോഹനെൻറ (55) സ്വർണമാണ് നഷ്ടപ്പെട്ടത്. സ്വർണ സമ്പാദ്യ പദ്ധതിയിൽ നിക്ഷേപമായി സ്വർണം നൽകിയാൽ ആവശ്യപ്പെടുന്ന സമയത്ത് പുതിയ ഫാഷനിലുള്ള സ്വർണാഭരണങ്ങൾ നൽകാമെന്ന വാഗ്ദാനത്തിലാണ് നിക്ഷേപം സ്വീകരിച്ചതെന്ന് പരാതിയിൽ പറയുന്നു. സ്വർണം വീടുകളിൽ സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതമായി തങ്ങളുടെ ലോക്കറിൽ സൂക്ഷിക്കുമെന്നും ഉടമസ്ഥർ വിശ്വസിപ്പിച്ചിരുന്നതായി പരാതിക്കാരൻ പറയുന്നു. ജീവനക്കാരിൽ ഉടമസ്ഥർ തട്ടിപ്പ് നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആകെയുള്ള സമ്പാദ്യമാണ് നഷ്ടമായതെന്നും ഇയാൾ പറഞ്ഞു. സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിനെ തുടർന്ന് പണം നഷ്ടമായതോടെ നിരവധി പേരാണ് കണ്ണീരും കൈയുമായി ചെങ്ങന്നൂരിൽ സ്ഥാപനം തിരക്കിയെത്തുന്നത്. അടച്ചിട്ട കടമുറികളും പൊലീസ് കാവലും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. തട്ടിപ്പുനടത്തി പണാപഹരണം ലക്ഷ്യംവെച്ച ഉടമസ്ഥർ ദിവസങ്ങൾക്കുമുമ്പേ സ്വർണക്കടയിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ പല കാരണങ്ങൾ പറഞ്ഞ് കടത്തിയതായി ജീവനക്കാർ പറയുന്നു. പലജീവനക്കാരും തങ്ങളുടെ പരിചയക്കാരെയും ബന്ധുക്കളെയും സ്വർണ സമ്പാദ്യ, നിക്ഷേപ പദ്ധതികളിൽ അംഗങ്ങളാക്കിയിട്ടുണ്ട്. ഇവർക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണിപ്പോൾ. നഷ്ടപ്പെട്ട പണവും സമ്പാദ്യവും തിരിച്ചുകിട്ടുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. സ്വർണ സമ്പാദ്യ പദ്ധതി ലക്ഷ്യംകാണാതെ വൻ നഷ്ടം ഉണ്ടാകുമെന്ന് തുടക്കത്തിൽ തന്നെ പ്രചാരം ഉണ്ടായിരുന്നെങ്കിലും ചില സമുദായ നേതാക്കളുടെ ഒത്താശയോടെ സ്ഥാപനം ഗ്രാമങ്ങളിൽ പോലും വൻ തോതിൽ പണപ്പിരിവിന് ശൃംഖല ഉണ്ടാക്കിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം എന്നിവക്ക് ഒരു സമ്പാദ്യം എന്ന നിലയിൽ സ്വർണച്ചിട്ടിയിൽ ചേർന്ന അനേകം പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. കടം പെരുകി പാപ്പർ ഹരജി കൊടുത്ത് തലയൂരാൻ ശ്രമിക്കുന്നതിനിടെ നിക്ഷേപം നഷ്ടമായവർ ഗതിേകടിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.