ചാരുംമൂട്: അപകടത്തുരുത്തായി ചാരുംമൂട് കെ.പി റോഡ് മാറിയിട്ടും അധികൃതർക്ക് കുലുക്കമില്ല. തിങ്കളാഴ്ച രാവിലെ ടിപ്പർ ലോറിയിടിച്ച് നൂറനാട് മുതുകാട്ടുകര സുനിൽ ഭവനത്തിൽ ബാലെൻറ ഭാര്യ ചന്ദ്രിക തൽക്ഷണം മരിച്ചതാണ് ഒടുവിലുണ്ടായ അപകടം. ഇവിടെ അപകടങ്ങൾ ഉണ്ടാകാത്ത ഒരു ദിവസംപോലും ഇല്ല. ചെറുതും വലുതുമായ അപകടങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പതിനഞ്ചോളം മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ടിപ്പർ ലോറികളുടെ അമിതവേഗവുമാണ് അപകടങ്ങൾക്ക് കാരണം. സ്കൂൾ സമയങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനംപോലും കാറ്റിൽ പറത്തിയാണ് ടിപ്പർ ലോറികൾ ചീറിപ്പായുന്നത്. ചാരുംമൂട് ജങ്ഷനിലെ സിഗ്നൽ ലൈറ്റുകൾ മാത്രമാണ് കെ.പി റോഡിൽ ആകെയുള്ള ഗതാഗത നിയന്ത്രണ സംവിധാനം. മാതൃക ജങ്ഷനായി പ്രഖ്യാപിച്ച ഇവിടെ സിഗ്നൽ ലൈറ്റുകൾ തെറ്റിച്ച് വാഹനങ്ങൾ കടന്നുപോയതുമൂലം നിരവധി അപകടങ്ങളാണ് ദിനംപ്രതി ഉണ്ടായത്. സിഗ്നൽ തെറ്റിച്ച് പോകുന്ന വാഹനങ്ങൾ കണ്ടെത്തി നടപടിയെടുക്കാനായി ജങ്ഷനിൽ സി.സി ടി.വി കാമറ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതൊന്നും ബാധകമല്ലെന്ന നിലയിൽ വാഹനം ഓടിച്ചുപോകുന്നവരെ കണ്ടെത്തി നടപടി എടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല. അപകട നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ ഫ്ലയിങ് സ്ക്വാഡുകളുടെ പ്രവർത്തനവും നിലച്ചിട്ട് മാസങ്ങളായി. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് അറുതി വരുത്താൻ ചാരുംമൂട്ടിലും കറ്റാനത്തും പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുമെന്ന പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ തീരുമാനവും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.