പകര്‍ച്ചവ്യാധി പ്രതിരോധം: തദ്ദേശ സ്ഥാപനങ്ങള്‍ പ്രാധാന്യത്തോടെ ഇടപെടണം

ആലപ്പുഴ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനും ശുചീകരണത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ എസ്. സുഹാസി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ആരോഗ്യജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മറിച്ച് സമൂഹമാധ്യമങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുന്നത് അപലപനീയമാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ പറഞ്ഞു. മഴക്കാല പൂര്‍വശുചീകരണം ഇത്തവണ നേരേത്ത ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ യോഗം ചേര്‍ന്ന് അതാതിടങ്ങളിലെ സ്ഥിതി പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജലജന്യ രോഗങ്ങളെക്കുറിച്ച് നല്ല ബോധ്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ഡ്രൈ ഡേ ആചരണത്തിന് പ്രാധാന്യം നല്‍കണം. പകര്‍ച്ചവ്യാധി പ്രതിരോധ ഭാഗമായി വാര്‍ഡുതല ശുചിത്വ സ്‌ക്വാഡ് പ്രവര്‍ത്തനം ശനിയാഴ്ചക്കുള്ളിൽ പൂര്‍ത്തീകരിക്കണം. വാര്‍ഡുതല ഭവനസന്ദര്‍ശനം ഞായറാഴ്ച നടത്തണം. വാര്‍ഡുതലത്തില്‍ ആരോഗ്യസേനയുടെ നേതൃത്വത്തിലാകണം ഇത്. ചുറ്റുപാടുകളിലെ ശുചിത്വം സംബന്ധിച്ച വിവരശേഖരണം 11ന് നടത്തണം. 13ന് ആളില്ലാത്ത സ്ഥലങ്ങളിലെ മാലിന്യം, കൊതുകുവളരുന്ന സാഹചര്യം എന്നിവ ഒഴിവാക്കാൻ നടപടിയെടുക്കണം. 17ന് ഡ്രൈ ഡേ ആചരിക്കണം. 21ന് പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കണം. 23ന് ഓടകള്‍ വൃത്തിയാക്കുക തുടങ്ങിയ ക്രമത്തില്‍ പകര്‍ച്ചവ്യാധി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. പഞ്ചായത്തുകള്‍ കലക്ഷന്‍ ഡ്രൈവുകള്‍ ഏറ്റെടുക്കണം. സര്‍ക്കാര്‍ ഓഫിസുകള്‍ ഇ-വേസ്റ്റ് നീക്കാൻ നിയമപരമായ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. വാര്‍ഡുതല ജാഗ്രതോത്സവം നടത്താതെയുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എത്രയുംവേഗം ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തണം. 31ന് നഗരം കേന്ദ്രീകരിച്ച് പകര്‍ച്ചപ്പനി പ്രതിരോധം സംഘടിപ്പിക്കണം. നഗരസഭകള്‍ സുരക്ഷിത അറവുശാലകള്‍ എന്ന ലക്ഷ്യത്തിലേക്കുവേണ്ട പ്രോജക്ടുകള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും യോഗം നിർദേശിച്ചു. 12, 13 തീയതികളില്‍ സര്‍ക്കാര്‍ ഓഫിസുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കണം. ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ ബിന്‍സ് സി. മാത്യു, ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ.എസ്. രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.