ചെങ്ങന്നൂർ: ശരവേഗത്തിൽ പാഞ്ഞ് പന്ത് ഗോൾ മുഖത്തേക്ക് കൃത്യമായി പായിച്ച് ഗാലറികളെ ഹർഷപുളകിതമാക്കുക വഴി കേരളമൊട്ടാകെ ആരാധകരുള്ള വ്യക്തിത്വമായിരുന്നു അന്തരിച്ച ഫുട്ബാൾ പരിശീലകൻ സി.ബി. മനോഹരൻ നായർ. ഫുട്ബാൾ എന്ന കായിക വിനോദത്തിെൻറ ശാസ്ത്രീയ വശങ്ങൾ അഭ്യസിക്കുകയും പിന്നീട് അത് ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികൾക്ക് പകർന്നുനൽകുകയും ചെയ്തു അദ്ദേഹം. കളിയിലെ മികവാർന്ന തന്ത്രങ്ങളും ചടുലതയാർന്ന നീക്കങ്ങളും പറഞ്ഞു കൊടുത്തും നേരിട്ട് പഠിപ്പിച്ചും ശ്രദ്ധേയനായി മാറിയ അദ്ദേഹം അക്ഷരാർഥത്തിൽ ഇൗ രംഗത്തെ മാന്ത്രികനായിരുന്നു. എല്ലാവരും സ്നേഹപൂർവം മനോഹരൻ ചേട്ടൻ എന്ന് വിളിക്കുന്ന അദ്ദേഹത്തിെൻറ ജീവാത്മാവും പരമാത്മാവും ആയിരുന്നു എം.ആർ.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന മാന്നാർ റിക്രിയേഷൻ സെൻറർ. കായികാഭിരുചി കണ്ടെത്തി വിദ്യാർഥികൾക്ക് മധ്യവേനലവധിയിൽ മാന്നാർ നായർ സമാജം ഹൈസ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നൽകാൻ ബദ്ധശ്രദ്ധനായിരുന്നു. സ്‌പോർട്‌സ് കൗൺസിൽ മുൻ ഫുട്‌ബാൾ കോച്ചായും പ്രവർത്തിച്ചിട്ടുണ്ട് എഴുപതുകാരനായ കുരട്ടിക്കാട് ചുടുകാട്ടിൽ കുടുംബാംഗമായ ശങ്കരാഭരണത്തിൽ മനോഹരൻ നായർ. മാന്നാർ നായർ സമാജം പ്രസിഡൻറ്, നായർ സമാജം സ്‌കൂൾസ് കമ്മിറ്റിയംഗം, മുൻ പാട്ടമ്പലം ദേവസ്വം പ്രസിഡൻറ്, 1647-ാം നമ്പർ കുരട്ടിക്കാട് എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡൻറ്, ചുടുകാട്ടിൽ കുടുംബക്ഷേത്രം പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.