കല്ലുമ്മക്കായ, കടൽമുരിങ്ങ കൃഷി: സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പ്

കൊച്ചി: സ്ത്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുപ്പുമായി കടൽമുരിങ്ങ (ഓയിസ്റ്റർ), കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തി​െൻറ (സി.എം.എഫ്.ആർ.ഐ) നേതൃത്വത്തിൽ ജില്ലയിലെ മൂത്തകുന്നത്ത് വിവിധ കർഷകസംഘങ്ങളിലായി 40 സ്ത്രീകളാണ് കടൽമുരിങ്ങയും കല്ലുമ്മക്കായയും കൃഷി ചെയ്തത്. കഴിഞ്ഞ നവംബറിൽ തുടങ്ങിയ കൃഷി ഏഴുമാസത്തിനുശേഷമാണ് വിളവെടുപ്പ് നടത്തിയത്. അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മുളകൊണ്ട് നിർമിച്ച 13 കൃഷിയിടത്തിലാണ് കടൽമുരിങ്ങ കൃഷിയിറക്കിയത്. ഓരോ യൂനിറ്റിലും 250 കയറുകളിലായി നടത്തിയ കൃഷിയിൽ ഒന്നര ടൺവരെ കടൽമുരിങ്ങയാണ് ലഭിച്ചത്. അഞ്ച് മീറ്റർ വീതം നീളവും വീതിയുമുള്ള മൂന്ന് കൃഷിയിടത്തിലാണ് കല്ലുമ്മക്കായ കൃഷിയിറക്കിയത്. ഓരോ യൂനിറ്റിൽനിന്നും ഒന്നേകാൽ ടൺ വീതം വിളവെടുത്തു. മറ്റുജോലികൾക്ക് പുറമെയാണ് സത്രീകളുടെ നേതൃത്വത്തിെല സംഘങ്ങൾ കൃഷിക്ക് മുന്നിട്ടിറങ്ങിയത്. സി.എം.എഫ്.ആർ.ഐയിലെ മൊളസ്‌കൻ ഫിഷറീസ് ഡിവിഷനാണ് നിർദേശങ്ങൾ നൽകിയത്. തീറ്റ നൽകേണ്ടതില്ലെന്നതിനാൽ മത്സ്യകൃഷിയെ അപേക്ഷിച്ച് െചലവ് കുറഞ്ഞതാണ് കല്ലുമ്മക്കായ, കടൽമുരിങ്ങ കൃഷി. പഞ്ചനക്ഷത്ര ഹോട്ടലുകളാണ് വിളവെടുത്ത കടൽമുരിങ്ങയുടെയും കല്ലുമ്മക്കായയുടെയും പ്രധാന ഉപഭോക്താക്കൾ. പൊതുജനങ്ങൾക്ക് വാങ്ങുന്നതിന് ഇവ സി.എം.എഫ്.ആർ.ഐയിൽ ലഭിക്കും. കടൽമുരിങ്ങ കിലോക്ക് 600 രൂപയും കല്ലുമ്മക്കായ കിലോക്ക് 660 രൂപയുമാണ് വില. ഫോൺ 0484 2394867.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.