29 പേരുടെ ജീവനെടുത്ത കുമരകം ബോട്ട് ദുരന്തത്തിന് നാളെ 16 വയസ്സ്​

മുഹമ്മ: നാടിനെ നടുക്കിയ കുമരകം ബോട്ട് ദുരന്തത്തിന് വെള്ളിയാഴ്ച 16 വയസ്സ് . 2002 ജൂലൈ 27നായിരുന്നു 29 പേരുടെ ജീവനെടുത്ത അപകടമുണ്ടായത്. മുഹമ്മയിൽനിന്ന് രാവിലെ 5.45ന്‌ നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ ജലഗതാഗത വകുപ്പി​െൻറ എ 53 നമ്പർ ബോട്ടാണ് അപകടത്തിൽപെട്ടത്. ഒരു പിഞ്ചുകുഞ്ഞും 15 സ്ത്രീകളും ഉൾപ്പെടെയാണ് മരിച്ചത്. പി.എസ്‌.സി. ലാസ്റ്റ് ഗ്രേഡ്‌ സർവൻറ് പരീക്ഷ എഴുതാൻ കോട്ടയത്തേക്കു പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. ദുരന്തമുണ്ടായി ഒന്നര പതിറ്റാണ്ട് ആയിട്ടും ബോട്ട് യാത്ര ഇപ്പോഴും പൂർണ സുരക്ഷിതമായിട്ടില്ല. മുഹമ്മയിൽ പ്രവർത്തിക്കുന്ന ജലഗതാഗത വകുപ്പി​െൻറ ഓഫിസ് മന്ദിരം ദുരന്തസ്മാരകം എന്ന നാമകരണം ആക്കണമെന്ന ആവശ്യവും നടന്നില്ല. മുഹമ്മ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിക്കുന്ന ബസുകൾ ബോട്ട് ജെട്ടി വരെ നീട്ടണമെന്ന ആവശ്യത്തിനും പഴക്കമേറെയുണ്ട്.എന്നാൽ, ഇതൊന്നും യാഥാർഥ്യമാക്കാനായില്ല. ദുരന്തത്തിൽ മരിച്ചവരുടെ സ്മരണക്ക്‌ മുന്നിൽ മുഹമ്മയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ സ്മരണാഞ്ജലി അർപ്പിക്കും. മുഹമ്മ അരങ്ങ് സോഷ്യൽ സർവിസ് ഫോറം മുഹമ്മ ബോട്ട് ജെട്ടിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മുഹമ്മ തോട്ട്മുഖപ്പ് കടവിൽ അപകടത്തിൽ മരിച്ചവരുടെ ചിത്രങ്ങൾക്കു മുന്നിൽ പുഷ്പാർച്ചന നടത്തും. അനുസ്മരണ സമ്മേളനത്തിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ.ജയലാൽ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപൽ അനുസ്മരണ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.