ആലുവ: പെരിയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മുങ്ങിയ മണപ്പുറത്തുനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ആശങ്കയിലായ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഡാമുകളുടെ ഷട്ടറുകൾ അടച്ചതും മഴ മാറിനിന്നതുമാണ് ജലനിരപ്പ് താഴാൻ കാരണം. കനത്ത മഴയിൽ കഴിഞ്ഞയാഴ്ച ഉയർന്ന ജലനിരപ്പിനേക്കാൾ ഒരടിയിലേറെ വെള്ളം ബുധനാഴ്ച രാവിലെ ഉയർന്നിരുന്നു. ഇതോടെ ജനം ആശങ്കയിലായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പുഴ വീണ്ടും കരകവിഞ്ഞുതുടങ്ങിയത്. അധികം താമസിയാതെ മണപ്പുറവും വെള്ളത്തിൽ മുങ്ങി. ഇതോടെ ക്ഷേത്രത്തിൽ ആറാട്ടും നടന്നു. നൂറുകണക്കിന് ഭക്തരാണ് ആറാട്ട് ദർശിക്കാൻ മണപ്പുറത്തെത്തിയത്. ചൊവ്വാഴ്ച രാത്രി 7.45നാണ് മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ഈ മഴക്കാലത്തെ രണ്ടാമത്തെ ആറാട്ട് നടന്നത്. കനത്ത മഴയിൽ ഈ മാസം 16നും വിഗ്രഹം വെള്ളത്തിൽ മുങ്ങി ആറാട്ട് നടന്നിരുന്നു. ഇതിനിടയിൽ പെരിയാറിെൻറ താഴ്ന്നഭാഗങ്ങളിൽ തീരങ്ങൾ പലതും വെള്ളത്തിനടിയിലാണ്. പല ഭാഗത്തേക്കും ശക്തമായി വെള്ളം തള്ളിക്കയറിയിരുന്നു. പെരിയാറിലെ ജലനിരപ്പ് വേഗത്തിൽ ഉയർന്നതോടെ ആലുവ നിയോജക മണ്ഡലത്തിലെ തുറവുങ്കരക്കാർക്ക് ചൊവ്വാഴ്ച ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത് ആയപ്പോഴേക്കും വെള്ളം അതിവേഗത്തിൽ കരകവിഞ്ഞെഴുകിയതോടെയാണ് ജനം ആശങ്കയിലായത്. സംഭവം അറിഞ്ഞ് സ്‌ഥലത്തെത്തിയ അൻവർ സാദത്ത് എം.എൽ.എ ജില്ല കലക്ടറെയും തഹസിൽദാരെയുമെല്ലാം വിവരമറിയിച്ചു. തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ രാത്രി 11 ഒാടെ സ്‌ഥലത്തെത്തി. ആശങ്കപ്പെടാനില്ലെന്നും മഴ ഇല്ലാത്തതിനാൽ സാധാരണയിൽ അധികം ജലനിരപ്പ് ഉയരില്ലെന്നും റവന്യൂ അധികൃതർ അറിയിച്ചു. ആവശ്യമെങ്കിൽ തീരദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനായി വാഹനങ്ങളും തയാറാക്കിയിരുന്നു. ബുധനാഴ്ച പുലർച്ച ഒന്നരയോടെയാണ് എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികൾ സ്‌ഥലത്തുനിന്നും മടങ്ങിയത്. വൈകീട്ടോടെ വെള്ളം ഇറങ്ങി തുടങ്ങിയത് ജനങ്ങൾക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.