കൊച്ചി: പൊട്ടിയ ഓടുകൾക്കിടയിലൂടെ കുത്തിയൊലിച്ച് പടിക്കെട്ടിലൂടെ ഒഴുകുന്ന വെള്ളം, നടക്കാൻപോലും കഴിയാത്ത രീതിയിൽ മഴവെള്ളവും ചളിയും നിറഞ്ഞ വരാന്ത, തകർന്നുവീണ മേൽക്കൂരയുടെ ഭാഗങ്ങൾ, വെള്ളം നിലത്ത് വീഴാതിരിക്കാൻ നിരത്തിെവച്ച വലിയ പാത്രങ്ങൾ... ഇത് മഴക്കെടുതി ബാധിച്ച ദുരന്ത മേഖലയിലെ അവസ്ഥയല്ല, അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന എറണാകുളം ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിെൻറ ദുരവസ്ഥയാണ്. ജീവനക്കാരും ചികിത്സക്കെത്തുന്നവരും കാലങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിെൻറ ബാക്കിപത്രം. മഴപെയ്താൽ വാർഡിലെ കിടക്കയിൽനിന്ന് കുട്ടികളെയുമെടുത്ത് വെള്ളം വീഴാത്ത സ്ഥലം നോക്കിയോടുന്ന മാതാപിതാക്കളെയും ജീവനക്കാരെയും കാണാം. ഈ കെട്ടിടത്തിെൻറ ഓടുമാറ്റി മേഞ്ഞിട്ട് വർഷങ്ങളായി. മുൻ വർഷങ്ങളിലും ഇതേ അവസ്ഥയായിരുന്നു. മഴക്കാലത്തിനുമുമ്പ് നടപടി വേണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ല. ഐ.സി.യുവിെൻറ അവസ്ഥയാണ് ഏറ്റവും പരിതാപകരം. ആദ്യമഴയിൽതന്നെ മേൽക്കൂര തകർന്നുവീണു. ഇതോടെ കുട്ടികളെ പ്രവേശിപ്പിക്കാനാവാത്ത അവസ്ഥയാണ്. കുട്ടികളുടെ വിഭാഗം ഒ.പിയിൽ ദിവസം 200ഓളം പേർ എത്തുന്നുണ്ട്. ശോച്യാവസ്ഥ കാരണം കിടത്തിച്ചികിത്സയിൽനിന്ന് പലരെയും ഒഴിവാക്കി വിടുകയാണ്. മഴ പെയ്യുമ്പോൾ മേൽക്കൂരയിലെ ഓരോ ഭാഗവും ഇളകിവീഴും. വെള്ളം ഇറങ്ങി ഭിത്തി ഇടിഞ്ഞുവീഴുമെന്ന അവസ്ഥയാണ്. അതിസാരം ബാധിച്ച കുട്ടികൾക്കുള്ള വാർഡിലെ സ്ഥിതിയും ദയനീയമാണ്. കുഞ്ഞുങ്ങളുടെമേൽ ഓടും സീലിങ്ങും ഇളകി വീഴാനുള്ള സാഹചര്യമാണ്. ഇങ്ങനെ സംഭവിച്ചാൽ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. ഈ സാഹചര്യമൊക്കെയായിട്ടും കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റിക്കിടത്താൻ ഒരു സംവിധാനവും ചെയ്തിട്ടില്ല. പുതിയ കെട്ടിടം നിർമിക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നാണ് അധികൃതർ പറയുന്നത്. തറക്കല്ലുപോലും ഇടാത്ത കെട്ടിടത്തിനായി കാത്തിരിക്കുന്നത് ദുരന്തം വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ജനം പറയുന്നു. ജീവനക്കാർ തന്നെ നേരിട്ട് പണിക്കാരെ എത്തിച്ച് ജോലി പൂർത്തീകരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ശക്തമായ മഴക്കാലത്ത് മുകളിൽ കയറാൻ ആരും തയാറായില്ല. ബെഡ്ഷീറ്റും മറ്റും ഉപയോഗിച്ച് എപ്പോഴും വെള്ളം തുടച്ചുമാറ്റുകയാണ് ജീവനക്കാർ. കുറഞ്ഞ ജീവനക്കാരുമായി മുന്നോട്ടുപോകുന്ന വിഭാഗത്തിൽ ഇത്തരം അധികജോലികൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വാർഡിൽ എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണ്. ദുരന്തത്തിന് കാത്തിരിക്കാതെ ഉടൻ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ, ഈ മഴക്കാലം ആരംഭിച്ചപ്പോഴാണ് ചോർച്ചയടക്കമുള്ള പ്രശ്നമുണ്ടായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അനിത 'മാധ്യമ'ത്തോട് പറഞ്ഞു. മഴ ആയതിനാലാണ് അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തത്. മഴക്ക് ശമനമുണ്ടായാൽ ഉടൻ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.