കൊച്ചി: ഒാർത്തഡോക്‌സ്-യാക്കോബായ തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമം നടക്കുന്നതായി സർക്കാർ ഹൈകോടതിയിൽ. ലക്ഷ്യം നേടാൻ കൂടുതൽ സമയം അനിവാര്യമാണെന്നും വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പിറവം സെൻറ് മേരീസ് ഒാർത്തഡോക്‌സ് സിറിയൻ ചർച്ച് വികാരി നൽകിയ ഹരജിയിൽ ആഭ്യന്തര അഡീഷനൽ സെക്രട്ടറി സിംജി ജോസഫ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇൗ വിശദീകരണം. 2018 മേയ് 19ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും പള്ളിയിലും സെമിത്തേരിയിലും പ്രാർഥന നടത്താൻ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. പള്ളിയുടെ നിയന്ത്രണം 2500 കുടുംബങ്ങൾ ഉൾപ്പെട്ട യാക്കോബായ വിഭാഗത്തിനാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇവിടെ ഒാർത്തഡോക്സ് വിഭാഗത്തിലെ 250 കുടുംബങ്ങൾ മാത്രമാണുള്ളത്. ഹരജിക്കാരനായ വികാരി ഉൾപ്പെടെ ഒാർത്തഡോക്‌സ് പക്ഷക്കാർക്ക് പ്രവേശനം അനുവദിക്കുന്നതിന് സാവകാശം വേണം. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇരു വിഭാഗങ്ങളും ഈ ആവശ്യമുന്നയിച്ച് സർക്കാറിന് നിവേദനം നൽകിയിരുന്നു. പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തിയപ്പോൾ മേയ് 25 ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളുടെയും ആധ്യാത്മിക നേതൃത്വത്തിന് ജൂൺ 26ന് ഇൗജിപ്തിൽ കൂടിക്കാഴ്ച നടത്താൻ ക്ഷണം ലഭിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൗ സാഹചര്യത്തിൽ സമയബന്ധിതമായി ഉത്തരവുകൾ നടപ്പാക്കണമെന്ന തരത്തിൽ നിർദേശിക്കരുതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.