ദുരിതാശ്വാസ ക്യാമ്പ് തുടരും; അടിയന്തര ധനസഹായം ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകി

മൂവാറ്റുപുഴ: ദുരിതാശ്വാസ ക്യാമ്പുകൾ രണ്ടുദിവസം കൂടി തുടരും. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് എൽദോ എബ്രാഹാം എം.എൽ.എ റവന്യൂമന്ത്രിക്ക് കത്ത് നൽകി. മഴക്ക് താൽക്കാലിക ശമനം വന്നതോടെ ജനവാസ കേന്ദ്രങ്ങളിൽ ജലനിരപ്പ് താഴ്ന്നെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ രണ്ടുദിവസം കൂടി തുടരാനാണ് റവന്യൂ വകുപ്പ് തീരുമാനം. വെള്ളം കയറിയ വീടുകളും പരിസരങ്ങളും ശുചീകരിക്കാൻ താമസം നേരിടുന്നതിനാലാണ് ക്യാമ്പുകൾ രണ്ടുദിവസംകൂടി തുടരാൻ തീരുമാനിച്ചത്. ജലനിരപ്പ് താഴ്ന്നെങ്കിലും പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളം മലിനമായതിനെത്തുടർന്ന് ശുദ്ധജലക്ഷാമം രൂക്ഷമാണ്. ഇൗ പ്രദേശങ്ങളിൽ റവന്യൂ വകുപ്പ് ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചുനൽകുന്നുണ്ട്. വെള്ളപ്പൊക്കത്തെത്തുടർന്ന് നഗരാതിർത്തിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കംചെയ്യാൻ നഗരസഭ ജീവനക്കാരും രംഗത്തുണ്ട്. സഹായത്തിന് പൊലീസും ഫയർഫോഴ്സും സജ്ജമാണ്. വെള്ളപ്പൊക്കത്തെത്തുടർന്ന് പലസ്ഥലങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുന്നത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പുനഃസ്ഥാപിച്ചുവരുകയാണ്. പകർച്ചവ്യാധിഭീഷണി നിലനിൽക്കുന്നതിനാൽ ജില്ല ഹെൽത്ത് ഓഫിസർ പി.എൻ. ശ്രീനിവാസ‍​െൻറ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് നിർദേശങ്ങൾ നൽകി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തി​െൻറ നിരീക്ഷണത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ. വെള്ളംകയറിയ വീടുകൾ വാസയോഗ്യമാക്കാനും മലിനമായ കിണറുകൾ നന്നാക്കാനും ഭാരിച്ച സാമ്പത്തികബാധ്യത വരുന്നതിനാൽ അടിയന്തര സർക്കാർസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എൽ.എ റവന്യൂമന്ത്രിക്ക് കത്ത് നൽകിയത്. വെള്ളപ്പൊക്കത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കാൻ സമീപത്തെ വില്ലേജ് ഓഫിസുകളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.