അടച്ചുപൂട്ടിയ കമ്പനി​യിലെ രാസമാലിന്യം സുരക്ഷിതമായി സംസ്​കരിക്കണമെന്ന്​ ഹരജി

കൊച്ചി: പ്രവർത്തനം അവസാനിപ്പിച്ച എടയാർ സിങ്ക് ലിമിറ്റഡിലെ രാസ മാലിന്യം സുരക്ഷിതമായി സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. രാസവസ്തുക്കളും അപകടകരമായ മാലിന്യങ്ങളും നീക്കാതെയാണ് 2014ൽ കമ്പനി പ്രവർത്തനം നിർത്തിയതെന്നും അപകട സാധ്യതയുണ്ടാക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായി നീക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി പി. ഇ. ഷംസുദ്ദീനാണ് ഹരജി നൽകിയത്. പെരിയാർ തീരത്ത് എടയാർ വ്യവസായ മേഖലയിൽ 1967ൽ തുടങ്ങിയ കമ്പനി 2014 നവംബർ 27നാണ് നിർമാണ പ്രവർത്തനങ്ങളുൾപ്പെടെ പാതി വഴിയിൽ അവസാനിപ്പിച്ച് അടച്ചുപൂട്ടിയതെന്ന് ഹരജിയിൽ പറയുന്നു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോ മാലിന്യ സംസ്കരണ നടപടികളോ ഏർപ്പെടുത്തിയിട്ടുമില്ല. രണ്ട് വർഷം മുമ്പ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ഫാക്ടറി ആൻഡ് ബോയിലേഴ്സ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിൽ സ്റ്റോറേജ് ടാങ്കുകളിൽ അപകടകരമായ രാസവസ്തുക്കൾ കണ്ടെത്തിയിരുന്നു. ശക്തമായ മഴയിൽ ഇൗ മാലിന്യങ്ങൾ പുഴയിലേക്കും പരിസരങ്ങളിലേക്കും ഒഴുകിയെത്തും. ഇത് വൻ അപകടത്തിനിടയാക്കും. ഇൗ സാഹചര്യത്തിൽ മാലിന്യം സുരക്ഷിതമായി സംസ്കരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.