കൊച്ചി: ആദ്യ വിമാനയാത്രയുടെ ആകാംക്ഷക്കൊപ്പം ഇന്ത്യൻ പ്രതീക്ഷകളുമായി അഞ്ച് വിദ്യാർഥികൾ മലേഷ്യയിലേക്ക്. ഒമ്പതുമുതൽ 13 വരെ ക്വാലാലംപൂരിൽ നടക്കുന്ന അന്തർദേശീയ ശാസ്ത്ര കോൺഗ്രസിലാണ് ലക്ഷദ്വീപ് കൽപേനി ഡോ. കെ.കെ. മുഹമ്മദ് കോയ ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. മത്സ്യാവശിഷ്ടങ്ങളും ശർക്കരയും ചേർത്തുള്ള മത്സ്യ അമിനോ ആസിഡ് നിർമാണവും ഉപയോഗവുമാണ് നിദ ഷെയ്ക്, നസ്രീന നാസർ, ഗാലിയ ജലീൽ, ഷാകിറ, ദാനിഷ് അക്തർ എന്നിവർ അന്തർദേശീയവേദിയിൽ അവതരിപ്പിക്കുക. ഡിസംബറിൽ ദേശീയതലത്തിൽ അവതരിപ്പിച്ചതിൽ ഇന്ത്യയിൽനിന്ന് പരിഗണിക്കപ്പെട്ട ഏക പ്രോജക്ടാണിത്. മത്സ്യത്തിെൻറ ഉപയോഗപ്രദല്ലാത്ത തലയും കുടലും ഉൾപ്പെടെ ഭാഗങ്ങളും തെങ്ങിൻ ശർക്കരയും സമാസമം ചേർത്താണ് അമിനോ ആസിഡുകൾ നിർമിക്കുന്നത്. കാർഷികവിളകൾക്കിത് മികച്ച വളമാണ്. ചെടികളിൽ പ്രത്യേകം പരീക്ഷണം നടത്തി വിജയമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രോജക്ടുമായി സംഘം ശാസ്ത്ര കോൺഗ്രസിനെത്തിയത്. സുഖകരമല്ലാത്ത ഗന്ധമായതിനാൽ കീടനാശിനിയായും മിശ്രിതം ഉപയോഗിക്കാം. ലക്ഷദ്വീപിെൻറ കാർഷികമേഖലക്ക് പ്രയോജനപ്രദമെന്ന നിലയിൽ പ്രോജക്ട് കൂടുതൽ അംഗീകരിക്കപ്പെടുന്നു. തെങ്ങും നാളികേര അനുബന്ധ ഉൽപന്നങ്ങളും മത്സ്യവിഭവങ്ങളുമാണ് ദ്വീപിെൻറ സമ്പദ്ഘടനയുടെ വളർച്ച നിയന്ത്രിക്കുന്നത്. മത്സ്യ അമിനോ ആസിഡുകൾ വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കാനുള്ള സാധ്യത ലക്ഷദ്വീപിലുണ്ട്. മത്സ്യ അവശിഷ്ടങ്ങൾ കുഴികുത്തി മൂടുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. രാജ്യം അംഗീകരിച്ച പ്രോജക്ടിന് ദ്വീപ് ഭരണകൂടത്തിെൻറ സർവ പിന്തുണയുമുണ്ടെന്ന് ടീം കോഒാഡിനേറ്ററും ശാസ്ത്ര സാങ്കേതിക വകുപ്പ് എൻജിനീയറുമായ എ.പി. മാലിക് പറഞ്ഞു. ഭരണകൂടമാണ് യാത്രച്ചെലവ് വഹിക്കുന്നത്. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിെൻറയും മുഹമ്മദ് ഫൈസൽ എം.പിയുടെയും ഇടപെടലാണ് യാത്ര സാധ്യമാക്കിയത്. സ്കൂൾ പ്രിൻസിപ്പൽ സി.പി. സുബൈദാബിയാണ് മികച്ച പ്രോത്സാഹനമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിനുള്ള പ്രോജക്ടെന്ന നിലയിലാണ് കുട്ടികളുടെ പ്രയത്നത്തെ കാണുന്നതെന്ന് ടീം ഗൈഡും അധ്യാപികയുമായ കെ. നസീമ പറഞ്ഞു. ഡൽഹിയിൽനിന്നുള്ള ശാസ്ത്രജ്ഞെൻറ കീഴിൽ പ്രത്യേക ക്ലാസിൽ പങ്കെടുത്ത സംഘം ഞായറാഴ്ച രാവിലെ യാത്ര തിരിക്കും. എസ്. ഷാനവാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.