അതിരാവിലെ അഞ്ചിന് എഴുന്നേൽക്കുന്നതാണ് വിജി. ഒാടിനടന്ന് വീട്ടിലുള്ള പണി മുഴുവൻ തീർത്ത് ഭർത്താവിനും മക്കൾക്കും ഉള്ളത് വെച്ചുവിളമ്പി കുട്ടികള്‍ക്ക് സ്കൂളിലേക്കുള്ളത് ടിഫിനിലാക്കി, പാത്രങ്ങള്‍ കഴുകി, അടിച്ചുവാരി, അലക്കിക്കുളിച്ച് നടുനിവരുമ്പോള്‍ എട്ടുമണി. പിന്നെ ഒമ്പതിന് ഷോപ്പില്‍ എത്താനുള്ള തത്രപ്പാട്. സ്കൂള്‍കുട്ടികളെയും ജോലിക്കാരെയും കുത്തിനിറച്ച ബസില്‍ ഒറ്റക്കാലില്‍ ജോലി സ്ഥലത്തേക്ക്.... രാത്രിവരെ ഒരേനിൽപ്പ്. ഇത് അവസാനിക്കുന്നത് വീട്ടിലെത്തി ബാക്കി പണികള്‍തീര്‍ത്ത് അര്‍ധരാത്രിക്കടുത്ത ഏതോ ഒരു നിമിഷത്തില്‍ കട്ടിലില്‍ തലചായ്ക്കുമ്പോള്‍ മാത്രം! അതിനാൽത്തന്നെ ഇരിക്കുകയെന്ന് പറഞ്ഞാൽ അവർക്ക് അത്ര നിസ്സാര കാര്യമല്ല. ഇൗ ദീർഘനിർത്തങ്ങൾ ശമ്പളം മാത്രമല്ല അവർക്ക് നേടിക്കൊടുക്കുന്നത്. വെരിക്കോസ് വെയ്ൻ, മൂത്രാശയ രോഗങ്ങൾ അടക്കമുള്ള ചെലവുകൂടിയ അസുഖങ്ങൾ കൂടിയാണ്. കഴിഞ്ഞ ദിവസം ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടിൽ സർക്കാർ കൊണ്ടുവന്ന സുപ്രധാന ഭേദഗതികൾ പതിനായിരക്കണക്കിന് പെൺതൊഴിലാളികൾക്ക് ആശ്വാസമാണ്. ഒരു സ്ത്രീപോരാട്ടംകൂടി വിജയിച്ചതിെൻറ ആഹ്ലാദത്തിലാണ് കേരളം. കടകളിൽ ദീർഘനേരം നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇനി ഇരിക്കാം. സ്വന്തം ഇരിപ്പിടം പിടിച്ചെടുക്കാനുളള സമരത്തിന് ഇറങ്ങിത്തിരിച്ച കുറച്ച് പെണ്ണുങ്ങളുടെ കൂടി വിജയമാണിത്. കേട്ടാല്‍ അല്‍പം വിചിത്രമെന്ന് തോന്നുന്ന ഇൗ അവകാശസമരം കോഴിക്കോട് നഗരത്തിലാണ് തുടങ്ങിയത്. ടെക്സ്റ്റൈല്‍ ഷോപ്പുകളടക്കം, തിരക്കുപിടിച്ച നൂറുകണക്കിന് കടമുറികളില്‍ രാവിലെ മുതല്‍ നേരമിരുട്ടുംവരെ ഒരേനില്‍പ്പില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് അവര്‍ സംസാരിച്ചപ്പോള്‍ ഇങ്ങനെയും ഒരു സമരമോ എന്ന കൗതുകത്തോടെ അന്ന് നഗരം കാതോര്‍ത്തു. പ്രതികരിക്കാനുള്ള ഇച്ഛാശക്തികൊണ്ട് നഗരത്തെ അമ്പരപ്പിച്ച ഈ കൂട്ടായ്മയുടെ പേര് 'പെണ്‍കൂട്ട്' എന്നായിരുന്നു. പെണ്‍കൂട്ട് പുതിയൊരു യുദ്ധമുഖത്തേക്കിറങ്ങി. ഇരിക്കാനുള്ള അവകാശം നേടാനുള്ള സമരത്തിന്. സ്ത്രീ-പുരുഷ ഭേദമന്യേ കടകളില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് നിലവില്‍ ഇരിക്കാന്‍ അനുവാദമില്ല. നാലു ജീവനക്കാര്‍ക്ക് രണ്ടിരിപ്പിടം എന്ന കണക്ക് ലേബര്‍ ഓഫിസര്‍ക്കറിയാമെങ്കിലും കടയുടമകള്‍ അറിഞ്ഞമട്ടില്ല. കഴിഞ്ഞ മെയ് ഒന്നിന് 'പെണ്‍കൂട്ട്' ഉയര്‍ത്തിക്കൊണ്ടുവന്ന ശബ്ദത്തിനാണ് ഇപ്പോൾ സർക്കാർ ചെവികൊടുത്തിരിക്കുന്നത്. സ്വന്തം തൊഴിലിടങ്ങളിൽ ഇനി ഇരിക്കാമെന്ന വ്യവസ്ഥയെക്കുറിച്ച് നഗരത്തിലെ സ്ത്രീ തൊഴിലാളികൾ പ്രതികരിക്കുന്നു. പലരും ഇപ്പോഴും ആശങ്ക ഒഴിയാതെയാണ് സംസാരിക്കുന്നത്. സ്വന്തം പേരുകൾ വെളിപ്പെടുത്തരുതെന്ന വാക്കിൽ ചിലർ പ്രതികരിക്കാൻ തയാറായി. അതിനാൽ താഴെകൊടുത്തിരിക്കുന്ന പേരുകൾ സാങ്കൽപികം. ചില പ്രമുഖ സ്ഥാപനങ്ങൾ ജീവനക്കാരുടെ അഭിപ്രായം ചോദിക്കാൻപോലും സമ്മതിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.