ആലുവ: ലോകകപ്പിൽ നിങ്ങളുടെ ടീം പുറത്തായാലും നിരാശപ്പെടേണ്ട. 'നിങ്ങൾ മുക്കിലും മൂലയിലും ഉയർത്തിയ ഫ്ലക്സുകൾകൊണ്ട് കോഴിക്കൂട് മൂടൂ' എന്ന പരിഹാസത്തിൽ മനംനൊന്തിരിക്കുന്ന ആരാധകർക്ക് ശുഭവാർത്തയുമായി ഒരുകൂട്ടം വിദ്യാർഥികൾ രംഗത്ത്. താരങ്ങളുടെ ചിരിക്കുന്ന മുഖവുമായി ഉയർത്തിയ ഫ്ലക്സ് ഉപയോഗിച്ച് പാവങ്ങൾക്ക് ഇനി മഴനനയാതെ കിടക്കാം. 'നിങ്ങൾ കോഴിക്കൂടുകൾ മൂടേണ്ട, പകരം ഞങ്ങൾക്ക് തരുമോ? പാവങ്ങളുടെ ചോർന്നൊലിക്കുന്ന കൂരകൾ മൂടാനാണ്' എന്ന ആശയവുമായി നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) ടെക്‌നിക്കൽ സെല്ലിലെ വളണ്ടിയർമാരാണ് മുന്നോട്ടുവന്നിരിക്കുന്നത്. സ്വച്ഛ് ഭാരത് ഇേൻറൺഷിപ്പിെൻറ ഭാഗമായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സാമൂഹികസേവനത്തിന് പോയപ്പോഴുണ്ടായ ഹൃദയഭേദക കാഴ്ചകളാണ് ഇവരെ ദൗത്യത്തിലേക്ക് നയിച്ചത്. കോളനികളിൽ ദുരിതക്കാഴ്ചകളാണ് ഇവരെ വരവേറ്റത്. കാലപ്പഴക്കംമൂലം നിലംപൊത്താറായ അവസ്‌ഥയിലാണ് ഭൂരിഭാഗം വീടുകളും. തുച്ഛമായ വരുമാനത്തിൽ ജീവിതം തള്ളിനീക്കുന്ന ഇവർക്ക് വീടിെൻറ അറ്റകുറ്റപ്പണി വിദൂരസ്വപ്നമാണ്. മഴക്കാലത്തെ ചോർച്ചയാണ് പ്രധാന പ്രശ്നം. രാത്രി മഴപെയ്താൽ വെള്ളം ദേഹത്തുവീണ് ഉറക്കംപോകും. ഒറ്റക്ക് കഴിയുന്ന വയോധികർ മുതൽ നവജാതശിശുക്കൾ വരെ ഇത്തരം കൂരകളിൽ കഴിയുന്നുണ്ട്. പലരുടെയും ശൗചാലയങ്ങൾ തകർന്നുകിടക്കുകയാണ്. ഇവക്ക് വാതിലോ മേൽക്കൂരയോ ഇല്ല. അധികാരികൾ കണ്ണടക്കുമ്പോൾ ഇവർക്ക് താൽക്കാലിക ആശ്വാസമേകാനാണ് വിദ്യാർഥികൾ തയാറെടുക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന ഫ്ലക്സുകൾ ശേഖരിച്ച് കൂരകളിൽ എത്തിക്കുകയാണ് ലക്ഷ്യം. താൽക്കാലിക സംരക്ഷണത്തിന് ഇത് ഉപകാരപ്പെട്ടേക്കാമെന്നാണ് കണക്കുകൂട്ടൽ. വിവരങ്ങൾക്ക് 8594020181, 9633146661 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.