കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിലെ (എഫ്.എ.സി.ടി) നിയമനങ്ങളെച്ചൊല്ലി വിവാദം. ഒാഫിസർ (പബ്ലിക് റിലേഷൻസ്), അസിസ്റ്റൻറ് തസ്തികകളിൽ മാനദണ്ഡം ലംഘിച്ച് നിയമനം നടത്തുന്നുവെന്നും ഇഷ്ടക്കാരെ നിയമിക്കാൻ യോഗ്യതകളിൽ വെള്ളംചേർത്തെന്നുമാണ് ആരോപണം. എന്നാൽ, നിയമന നടപടികൾ സുതാര്യവും ചട്ടങ്ങൾ പാലിച്ചുമാണെന്നാണ് എഫ്.എ.സി.ടി അധികൃതരുടെ വിശദീകരണം. അസിസ്റ്റൻറ്, ക്രാഫ്റ്റ്സ്മാൻ, ഡെപ്യൂട്ടി മാനേജർ, മാനേജ്മെൻറ് ട്രെയിനി, ഒാഫിസർമാർ, സ്റ്റെനോഗ്രഫർ, ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലെ 113 ഒഴിവുകളിലേക്കാണ് നിയമനനടപടികൾ ആരംഭിച്ചത്. മിക്ക തസ്തികകളുടെയും റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒാഫിസർ (സെയിൽസ്) റാങ്ക്ലിസ്റ്റിൽ 18ഉം കമ്പനി സെക്രട്ടറി ലിസ്റ്റിൽ മൂന്നും ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) തസ്തികയിൽ ജനറൽ, ഒ.ബി.സി വിഭാഗങ്ങളിലായി 11ഉം ഉദ്യോഗാർഥികൾ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ, ഒാഫിസർ (പബ്ലിക് റിലേഷൻസ്) തസ്തികയുടെ പട്ടികയിൽ ഒരാൾ മാത്രമേയുള്ളൂ. ഇയാളെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതും. ബിരുദവും കമ്യൂണിക്കേഷൻ, അഡ്വർടൈസിങ് ആൻഡ് കമ്യൂണിക്കേഷൻ മാനേജ്മെൻറ്, മാസ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദവുമാണ് തസ്തികക്ക് നിശ്ചയിച്ചിരുന്ന യോഗ്യത. പബ്ലിക് റിലേഷൻസ് ഒാഫിസർമാർക്ക് നിശ്ചിതകാലം മാധ്യമപ്രവർത്തനത്തിൽ പ്രവൃത്തിപരിചയം നിഷ്കർഷിക്കാറുണ്ടെങ്കിലും ഇവിടെ ആവശ്യപ്പെട്ടിരുന്നില്ല. നിരവധി അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും പരീക്ഷയിലും അഭിമുഖത്തിലും യോഗ്യത നേടിയത് ഒരാൾ മാത്രമാണെന്നും മാനേജീരിയൽതലത്തിലെ ഏറ്റവും താഴ്ന്ന തസ്തികയായതിനാലാണ് പ്രവൃത്തിപരിചയം നിഷ്കർഷിക്കാതിരുന്നതെന്നും എഫ്.എ.സി.ടി അധികൃതർ അറിയിച്ചു. അതേസമയം, യോഗ്യതയുള്ളവർ കുറവല്ലെന്നിരിക്കെ ഒരാൾ മാത്രമേ പരീക്ഷയിൽ വിജയിച്ചുള്ളൂവെന്ന വാദം വിചിത്രമാണെന്നും രാഷ്ട്രീയ താൽപര്യത്തിന് വഴങ്ങി മറ്റുള്ളവർക്ക് അവസരം നിഷേധിച്ചെന്നുമാണ് ഒരുവിഭാഗം ഉദ്യോഗാർഥികളുടെ ആരോപണം. നിയമനടപടിയെക്കുറിച്ചും ഇവർ ആലോചിക്കുന്നുണ്ട്. കമ്പ്യൂട്ടർ മേഖലയിൽ ബിരുദ, ബിരുദാനന്തര തലങ്ങളിൽ നിരവധി പുതിയ കോഴ്സുകൾ വിജയിച്ചവർ ഉണ്ടായിട്ടും അസിസ്റ്റൻറ് തസ്തികയുടെ യോഗ്യതയിൽ ഒ ലെവൽ ഉൾപ്പെടുത്തിയത് ദുരൂഹമാണെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.