ചരിത്രരേഖകള്‍ ആർകൈവ്‌സിന് കൈമാറി

കൊച്ചി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 70 വയസ്സ് തികഞ്ഞ ഇന്നലെ ഇതു സംബന്ധിച്ച ചരിത്രരേഖകള്‍ ആർകൈവ്‌സ് വകുപ്പിന് കൈമാറി. 1948 ജനുവരി 30ന് കൊച്ചി രാജ്യം പുറത്തിറക്കിയ രണ്ട് അസാധാരണ വിജ്ഞാപനങ്ങളാണ് ആർകൈവ്‌സ് വകുപ്പിന് സബ് കലക്ടർ ഇമ്പശേഖര്‍ കൊച്ചി താലൂക്കില്‍ നടന്ന ചടങ്ങില്‍ കൈമാറിയത്. കൊച്ചിയിലെ അന്നത്തെ പ്രധാനമന്ത്രി ടി.കെ. നായര്‍ പുറത്തിറക്കിയ ഗാന്ധിജിയുടെ മരണവാര്‍ത്ത ജനങ്ങളെ അറിയിക്കുന്ന വിജ്ഞാപനമാണ് ഇതിലൊന്ന്. 107ാം നമ്പര്‍ വിജ്ഞാപനത്തില്‍ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും കോടതിയും മൂന്നു ദിവസത്തിന് അവധിയായിരിക്കുമെന്നും പതാക പകുതി താഴ്ത്തിക്കെട്ടുമെന്നുമുള്ള അറിയിപ്പാണ്. പിറ്റേന്ന് യോഗങ്ങളും ജാഥകളും പാടില്ലെന്നും മൗനപ്രാർഥനയില്‍ മഹാത്മാവിന് ആദരാഞ്ജലി അര്‍പ്പിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കൊച്ചി രാജ്യത്തെ ചീഫ് സെക്രട്ടറി എ. മാധവപ്രഭു പുറത്തിറക്കിയ 108ാം നമ്പര്‍ വിജ്ഞാപനം ഫെബ്രുവരി രണ്ടിന് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതാണ്. അസാധാരണ വിജ്ഞാപനത്തി​െൻറ പകര്‍പ്പ് ഫോര്‍ട്ട്കൊച്ചി താലൂക്ക് ഓഫിസില്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട്. റെക്കോഡ് നവീകരണത്തി​െൻറ ഭാഗമായി താലൂക്ക് ഓഫിസിലെ പഴയ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ചരിത്ര പ്രാധാന്യമുള്ള ഈ വിജ്ഞാപനങ്ങള്‍ കണ്ടെത്തിയത്. ആർകൈവ്‌സ് വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് സജീവന്‍ രേഖകള്‍ ഏറ്റുവാങ്ങി. തഹസില്‍ദാർ കെ.വി. അംബ്രോസ് അധ്യക്ഷത വഹിച്ചു. കെ.എക്‌സ്. ജോസഫ്, ഭൂരേഖ തഹസില്‍ദാര്‍ വി.എ. മുഹമ്മദ് സാബിര്‍, റവന്യൂ റിക്കവറി സ്‌പെഷല്‍ തഹസില്‍ദാര്‍ കെ.കെ. രാജന്‍, വി.ആര്‍. വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.