ചന്ദ്രമതി തമ്പുരാട്ടിക്ക്​ നാടി​െൻറ യാത്രാമൊഴി

ചേര്‍ത്തല: കവി വയലാര്‍ രാമവര്‍മയുടെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടിക്ക് സാംസ്കാരിക സമൂഹം ആദരവോടെ യാത്രാമൊഴിയേകി. സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ നാടി​െൻറ നാനാഭാഗത്തുനിന്നുമുള്ള നൂറുകണക്കിനുപേരാണ് ചൊവ്വാഴ്ച വയലാര്‍ രാഘവപ്പറമ്പിലെത്തിയത്. ചന്ദ്രമതി തമ്പുരാട്ടിയുടെ ആഗ്രഹപ്രകാരം വയലാർ രാമവർമയുടെ സ്മൃതിമണ്ഡപത്തിന് സമീപമാണ് ചിതയൊരുക്കിയത്. വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രവർമ ചിതക്ക് തീ പകർന്നു. ചന്ദ്രമതി തമ്പുരാട്ടിയുടെ സഹോദരിയും ശരത്തി​െൻറ മാതാവുമായ ഭാരതി തമ്പുരാട്ടിയും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വൻജനാവലിയാണ് എത്തിയത്. വയലാർ രവി എം.പി, എ.എം. ആരിഫ് എം.എൽ.എ തുടങ്ങിയ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. വയലാർ രാമവർമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും പുഷ്പാർച്ചന നടത്തി. അന്ത്യവിശ്രമം പ്രിയതമനൊപ്പമാകണമെന്ന ചന്ദ്രമതി തമ്പുരാട്ടിയുടെ ആഗ്രഹം കുടുംബാംഗങ്ങൾ നിറവേറ്റുകയായിരുന്നു. കുട്ടികളുണ്ടാകാത്തതില്‍ മനംനൊന്ത് സ്വമനസ്സാലെ വിവാഹബന്ധം ഒഴിഞ്ഞ് സ്വന്തം അനുജത്തിക്ക് വഴിമാറിക്കൊടുത്ത് നാലുകെട്ടി​െൻറ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടി കഴിയുകയായിരുന്നു ചന്ദ്രമതി തമ്പുരാട്ടി. ചെങ്ങണ്ട കോവിലകത്ത് താമസിച്ചിരുന്ന തമ്പുരാട്ടി കുറച്ചുവര്‍ഷങ്ങളായി തൃപ്പൂണിത്തുറയിലെ സഹോദരന്‍ ബാലരാമവർമയോടൊപ്പമായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.