ആലുവ: വീട്ടിൽ ആളില്ലാത്ത സമയത്ത് നടക്കുന്ന രണ്ടാമത്തെ വൻ കവർച്ചയാണ് ഞായറാഴ്ച തോട്ടുമുഖത്തുണ്ടായത്. വർഷങ്ങൾക്ക് മുമ്പ് ദേശീയപാതയോട് ചേർന്ന വീട്ടിൽനിന്ന് 300 പവൻ കവർന്ന സംഭവത്തിന് ഇപ്പോഴും തുമ്പായിട്ടില്ല. കഴിഞ്ഞ ദിവസം നഗരത്തോട് ചേർന്ന് നടന്ന വൻകവർച്ച പൊലീസിനെ നാണംകെടുത്തിയിരിക്കുകയാണ്. ജില്ല പൊലീസ് ആസ്‌ഥാനമടക്കമുള്ള നിരവധി പൊലീസ് ഓഫിസുകളാണ് നഗരത്തിലുള്ളത്. എസ്.പിയുടേതടക്കം നിരവധി പ്രത്യേക സ്‌ക്വാഡുകളും പ്രവർത്തിക്കുന്നു. ഇതിനെല്ലാം പുല്ലുവില കൽപിച്ചാണ് വിദഗ്ധമായി കവർച്ചക്കാർ പട്ടാപ്പകൽ കാൽകോടിയോളം രൂപയുടെ വൻ കവർച്ച നടത്തിയത്. നാല് വർഷം മുമ്പ് ഫെബ്രുവരി രണ്ടിനാണ് ദേശീയപാതയിൽ പുളിഞ്ചോടിന് സമീപം കവർച്ച നടന്നത്. കട്ടക്കയത്ത് പൈജാസ് ഇസ്മായിലിെൻറ വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീട് കുത്തിത്തുറന്ന് പണവും ആഡംബര വാച്ചും ടി.വിയുമടക്കം 80 ലക്ഷത്തോളം രൂപയുടെ കവർച്ചയാണ് നടന്നത്. 300 പവൻ സ്വർണാഭരണങ്ങൾ, അഞ്ചുലക്ഷം രൂപയുടെ റോളക്‌സ് വാച്ച്, രണ്ടുലക്ഷം രൂപ, 46 ഇഞ്ച് എൽ.ഇ.ഡി ടി.വി, ഇൻവർട്ടർ എന്നിവയാണ് നഷ്‌ടപ്പെട്ടത്. പൈജാസിെൻറ വീട്ടിൽ കവർച്ച നടക്കുമ്പോൾ ആളുണ്ടായിരുന്നില്ല. പൈജാസിെൻറ മകൻ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായതിനാൽ കുടുംബം ആശുപത്രിയിലായിരുന്നു. വീടിെൻറ പിറകുവശത്തെ ജനൽ വഴിയാണ് മോഷ്‌ടാക്കൾ അകത്തുകടന്നത്. ജനലിെൻറ ഒരു പാളിയുടെ കമ്പികളും നടുവിലെ പട്ടയും തകർത്ത് ഒരാൾക്ക് കടക്കാനുള്ള സൗകര്യമൊരുക്കി. ഡിജിറ്റൽ ലോക്കറിലാണ് സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ലോക്കർ കുത്തിപ്പൊളിച്ചെടുക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷം ഡിജിറ്റൽ ലോക്കർ മാത്രം ഉപേക്ഷിക്കപ്പെട്ട നിലയിൽ കളമശ്ശേരി റെയിൽവേ സ്‌റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽനിന്നും കണ്ടെത്തിയിരുന്നു. കുന്നത്തേരിയിലെ ചിലരെ കേന്ദ്രീകരിച്ച് അന്ന് അന്വേഷണം നടന്നെങ്കിലും പിന്നീട് പുരോഗതിയുണ്ടായില്ല. കേസിലെ ഒരു പ്രതിയെ പോലും ഇതുവരെ പിടികൂടാനും പൊലീസിന് കഴിഞ്ഞിട്ടില്ല. പൈജാസിെൻറ വീട്ടിൽ സംഭവിച്ച പോലുള്ള കവർച്ചയാണ് ഞായറാഴ്ച നടന്നിരിക്കുന്നത്. തോട്ടുമുഖം മഹിളാലയം കവലയിൽ പടിഞ്ഞാറേ പറമ്പിൽ അബ്‌ദുല്ലയുടെ വീട്ടിൽ മോഷണം നടക്കുമ്പോൾ ആരുമില്ലായിരുന്നു. കുടുംബം മമ്പുറത്ത് സന്ദർശനത്തിന് പോയതായിരുന്നു. രാത്രി എട്ടിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഇവിടെയും വീടിന്പിന്നിലൂടെയാണ് കവർച്ച സംഘം അകത്തുകടന്നത്. കതകിെൻറ താഴ് തകർത്ത് വീട്ടിനകത്തേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.