മൂവാറ്റുപുഴ: ആരക്കുഴ റോഡിന് സമീപത്തെ പെരുന്തോട് നികത്തുന്നത് നാട്ടുകാർ തടഞ്ഞു. ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മാറാടി പഞ്ചായത്തിലെ ഉന്നക്കുപ്പ, ഉല്ലാപ്പിള്ളി, തേവർകാട് ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകിപ്പോകുന്ന മൂവാറ്റുപുഴ നഗരസഭ പ്രദേശത്തെ വയലാർ പാടശേഖരത്തിന് ചേർന്നുള്ള പെരുന്തോട് നികത്തുന്നതാണ് നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞത്. കെട്ടിടങ്ങൾ പൊളിച്ചതിെൻറ കോൺക്രീറ്റ് ഭാഗങ്ങളും കെട്ടിട നിർമാണ സാമഗ്രികളിൽ ഉപയോഗയോഗ്യമല്ലാത്തവയും മറ്റു മാലിന്യവും കല്ലും മണ്ണുമാണ് ടിപ്പർ ലോറിൽ തോട് നികത്താൻ കൊണ്ടുവന്നത്. 15 അടിയിലേറെ വീതിയുണ്ടായിരുന്ന തോട് തുടർച്ചയായുള്ള വയൽ നികത്തലിനെത്തുടർന്ന് വീതി കുറഞ്ഞു. തോട് ൈകയേറി സ്വകാര്യ വ്യക്തികൾ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. തോട് നികത്തിയാൽ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായി കൃഷി നശിക്കും. പാടശേഖരത്തിനടുത്തുള്ള വീടുകളിൽ വെള്ളം കയറാനും കാരണമായേക്കും. വിവിധ പ്രദേശങ്ങളിലെ നീർത്തടങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം പെരുന്തോട്ടിലൂടെ മൂവാറ്റുപുഴയാറ്റിെൻറ ഭാഗമായ തൊടുപുഴയാറ്റിലെ പള്ളിക്കാവ് കടവിന് സമീപം ചേരുന്നു. വയൽ നികത്തിയത് പൂർവസ്ഥിതിയിലാക്കി പ്രദേശത്തെ ജലക്ഷാമം പരിഹരിക്കണമെന്നും നീർത്തടങ്ങൾ സംരക്ഷിക്കണമെന്നുമുള്ള നാട്ടുകാരുടെ പരാതിയുള്ളപ്പോഴാണ് തോട് നികത്തൽ. പിടികൂടിയ ലോറി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.