വിമാന അറ്റകുറ്റപ്പണി കേന്ദ്രം വിട്ടുനൽകാനാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു- സിയാൽ നെടുമ്പാശ്ശേരി: ഹജ്ജ് ക്യാമ്പിന് വിമാന അറ്റകുറ്റപ്പണി കേന്ദ്രം വിട്ടുനൽകാനാവില്ലെന്ന് കഴിഞ്ഞ വർഷംതന്നെ ഹജ്ജ് കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്ന് സിയാൽ അധികൃതർ പറയുന്നു. ഇതിനുമുമ്പ് നെടുമ്പാശ്ശേരി വഴി ഹജ്ജ് കമ്മിറ്റി തീർഥാടകരെ യാത്രയാക്കിയിരുന്നപ്പോൾ മാറമ്പിള്ളി എം.ഇ.എസ് കോളജാണ് ക്യാമ്പായി ഉപയോഗപ്പെടുത്തിയിരുന്നത്. അവിടെനിന്ന് ഇഹ്റാം വേഷത്തിൽ ഹാജിമാരെ ബസ് മാർഗം വിമാനത്താവളത്തിലെത്തിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിമാനത്താവളത്തിന് പുറത്ത് ഇത്തരത്തിൽ മറ്റെന്തെങ്കിലും സജ്ജീകരണം ചെയ്യേണ്ടിവരും. അതല്ലെങ്കിൽ പരിസരെത്ത വിശാലമായ ഹോട്ടലുകളോ വിദ്യാലയങ്ങളോ ഏറ്റെടുക്കുകയോ വിമാനത്താവള ഭൂമിയിലോ മറ്റോ പന്തലിടുകയോ വേണ്ടിവരും. വിമാനത്താവള കമ്പനി സർക്കാറിെൻറകൂടി നിയന്ത്രണത്തിലായതിനാൽ സംസ്ഥാന സർക്കാറാണ് ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കേണ്ടത്. ഇതിനുമുമ്പ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വിമാനത്താവളത്തിനടുത്ത് താൽക്കാലികമായി സ്ഥലം വാടകക്കെടുത്ത് പന്തലുയർത്തി ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്്. അടുത്ത വിമാനത്താവള കമ്പനി ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ചക്കുവരും. ഹജ്ജ് എമ്പാർക്കേഷൻ പോയൻറ് നെടുമ്പാശ്ശേരിയിൽനിന്ന് മാറ്റുന്നില്ലെങ്കിലാണ് ഇക്കാര്യം പരിഗണനക്ക് വരുക. കരിപ്പൂരിൽനിന്ന് ചെറിയ വിമാനങ്ങളുപയോഗിച്ച് ഹജ്ജ് സർവിസ് നടത്തുകയാണെങ്കിൽ ചെലവ് കൂടും. ഹാജിമാരിൽ 80 ശതമാനത്തിലേറെയും മലബാർ മേഖലയിൽനിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.