മൂവാറ്റുപുഴ: കളമശ്ശേരി, ആലുവ മണ്ഡലങ്ങളിലെ പി.ഡബ്ല്യു.ഡി നിർമാണജോലികളിൽ അഴിമതിയാരോപിച്ച് സി.പി.എം കുന്നുകര ലോക്കൽ സെക്രട്ടറി പി.കെ. അജയകുമാർ നൽകിയ കേസിൽ പ്രാഥമിക പരിശോധന നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. അന്വേഷണം നടത്തി 28നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. 2011-2016 കാലയളവിൽ പി.ഡബ്ല്യു.ഡി നടത്തിയ പൊതുമരാമത്ത് ജോലികളിൽ അഴിമതി നടന്നെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കു നൽകിയ പരാതിയുടെ രേഖകൾ ഉൾപ്പെടെ സമർപ്പിച്ചിട്ടുണ്ട്. എറണാകുളം എടത്തല പി.ഡബ്ല്യു.ഡി കോൺട്രാക്ടർ സുബിൻ ജോർജ്, ആലുവ കളമശ്ശേരി പി.ഡബ്ല്യു.ഡി റോഡ്സ് അസിസ്റ്റൻറ് എൻജിനീയർ കെ.എം. മനോജ്, അസി. എൻജിനീയർ ലതാ മങ്കേഷ്, എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്. ജയരാജ്, സൂപ്രണ്ടിങ് എൻജിനീയർ പി.പി. ബെന്നി, ഡിവിഷൻ അക്കൗണ്ടൻറ് ബി.എസ്. ദീപ, ഓവർസിയർ സജീവ് കുമാർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ റീനു എലിസബത്ത്, എറണാകുളം ഡിവിഷൻ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ ജോട്ടി പി. തോമസ് എന്നിവരെയാണ് എതിർ കക്ഷികളാക്കിയിരിക്കുന്നത്. ആലുവ സബ് ഡിവിഷനുകീഴിൽ 2015-2016 കാലയളവിൽ 257 പ്രവൃത്തികളിൽ 247ഉം ഒന്നാം എതിർകക്ഷിയും ഇദ്ദേഹം മാനേജിങ് പാർട്ട്ണറുമായ ഇവൻറ്സ് ഇൻറർനാഷനൽ, എ.പി.ജി കോർപറേഷൻ, പാർത്തിക കൺസ്ട്രക്ഷൻ എന്നീ കമ്പനികളും ഒന്നാം പ്രതി എം.ഡിയായ മേരി സദൻ എടത്തല ഇൻറർ നാഷനൽ ൈപ്രവറ്റ് ലിമിറ്റഡ് കമ്പനിയുമാണ് ഏറ്റെടുത്തത്. എന്നാൽ, ഈ ജോലികൾ പൊതുമരാമത്ത് വകുപ്പ് നിയമാവലിയിൽ നിഷ്കർഷിച്ച തരത്തിലുള്ള അടിയന്തര സാഹചര്യത്തിൽ ഉള്ളവയല്ലെന്നും എസ്റ്റിമേറ്റ് പ്രകാരമുള്ള മുഴുവൻ ജോലികളും നടത്താതെ ബില്ല് എഴുതുകയും ഒരേ പ്രവൃത്തികൾ മൂന്ന് ഓഫിസിൽ ചെയ്തതായും മറ്റുമാണ് ഹരജിക്കാരൻ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.