ആലുവ: നഗരത്തിലെ വൺവേ സംവിധാനം തടയണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയെത്തുടർന്ന് റൂറല്‍ ജില്ല പൊലീസ് മേധാവിയോട് മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് വിശദീകരണം തേടും. സാമൂഹിക പ്രവര്‍ത്തകനായ ആലുവ പ്രിയദര്‍ശിനി റോഡില്‍ തറയില്‍ വീട്ടില്‍ നാരായണനാണ് പരാതി നൽകിയത്. നവംബര്‍ 20 മുതല്‍ ആരംഭിച്ച ഗതാഗത പരിഷ്‌കാര നടപടികള്‍ ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. കിഴക്കന്‍ മേഖലയില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് മാതാ കവലയില്‍നിന്ന് 200 മീറ്റര്‍ സഞ്ചരിച്ചാൽ നഗരസഭ ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ്, വിവിധ വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുമായിരുന്നു. പരിഷ്‌കാരം വന്നതോടെ നഗരം മുഴുവന്‍ ചുറ്റി മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഈ ഓഫിസുകളില്‍ എത്താന്‍. കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍നിന്ന് കിഴക്കന്‍ മേഖലകളിലേക്ക് പോകേണ്ട ബസുകളും ഇത്തരത്തില്‍ നഗരം മുഴുവന്‍ അനാവശ്യമായി ചുറ്റേണ്ടിവരുന്നുണ്ട്. സിറ്റി ബസുകള്‍ എറണാകുളത്തുനിന്ന് വരുമ്പോള്‍ പമ്പ് കവല, മാത, സീനത്ത് കവല വഴി സഞ്ചരിക്കണം. എന്നാല്‍, ഇതൊഴിവാക്കി എറണാകുളത്തേക്കുള്ള ബോര്‍ഡ് െവച്ച് പമ്പ് കവലയില്‍നിന്ന് നേരെ റെയില്‍വേ സ്‌ക്വയറിലേക്ക് പോകുകയാണ്. ഇതുമൂലം കോടതി, പൊലീസ് സ്‌റ്റേഷന്‍, സബ് ജയില്‍ എന്നിവയുടെ ഭാഗത്തേക്ക് പോകേണ്ടവര്‍ പെരുവഴിയിലാകുന്നു. വണ്‍വേ സംവിധാനംമൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ഗതാഗത പരിഷ്‌കാരംമൂലം നഗരത്തിലെ ഗതാഗതക്കുരുക്കിന് കാര്യമായ പരിഹാരമായിട്ടുണ്ടെന്ന് കമീഷന്‍ വിലയിരുത്തി. ഏത് നടപടി സ്വീകരിക്കുമ്പോഴും കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.