എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം യാത്രതിരിച്ചു

അമ്പലപ്പുഴ: ശബരിമല ദർശനത്തി​െൻറ ഭാഗമായ എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. ശനിയാഴ്ച രാവിലെ ഏഴിനാണ് സംഘം അമ്പലപ്പുഴ ക്ഷേത്രം പരിസരത്തുനിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ യാത്രയായത്. അമ്പലപ്പുഴ അയ്യപ്പസേവ സംഘത്തി​െൻറ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലാണ് യാത്രതിരിച്ചത്‌. അമ്പലപ്പുഴ, കരൂർ, വണ്ടാനം, കാക്കാഴം, കഞ്ഞിപ്പാടം, കരുമാടി, തകഴി എന്നീ എഴ് കരകളിൽനിന്നുള്ള നൂറോളം അയ്യപ്പഭക്തരാണ് പങ്കെടുക്കുന്നത്. പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള തിടമ്പ് ക്ഷേത്രം തന്ത്രി പുതുമന ശ്രീധരൻ നമ്പൂതിരി കൈമാറി. തുടർന്ന് സംഘം അമ്പലപ്പുഴ ക്ഷേത്രം, കരൂർ ക്ഷേത്രം, കാഞ്ഞൂർ മഠം ക്ഷേത്രം, വണ്ടാനം ശ്രീധർമശാസ്ത ക്ഷേത്രം, കായപ്പള്ളി ക്ഷേത്രം, ഇരട്ടക്കുളങ്ങര ശിവക്ഷേത്രം, മല്ലശ്ശേരി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി. വിവിധ കരയോഗങ്ങൾ സ്വീകരണം നൽകി. ശനിയാഴ്ച അമ്പലപ്പുഴ ക്ഷേത്രത്തിൽ തങ്ങിയശേഷം ഞായറാഴ്ച രാവിലെ വീണ്ടും യാത്രതിരിക്കും. കരുമാടി ക്ഷേത്രം, തകഴി ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം, മണിമല ക്ഷേത്രം, ആനപ്രമ്പാൽ ക്ഷേത്രം, കവിയൂർ ക്ഷേത്രം, മണിമലക്കാവ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയശേഷം 11ന് വാവര് പള്ളി സന്ദർശിക്കും. പള്ളി പ്രതിനിധിയുമായി വലിയ അമ്പലത്തിലേക്ക് നീങ്ങും. വലിയ അമ്പലത്തിൽ എത്തുന്ന സംഘത്തെ ക്ഷേത്ര ഭാരവാഹികൾ സ്വീകരിക്കും. തിടമ്പ് ഇറക്കി എഴുന്നള്ളിച്ച് പേട്ടതുള്ളൽ ചടങ്ങിന് സമാപനമാകും. 13ന് പമ്പസദ്യയിൽ പങ്കെടുത്ത് പേട്ടതുള്ളൽ സംഘം ശബരിമല സന്നിധാനത്ത് എത്തും. ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കി 15ന് സംഘം അമ്പലപ്പുഴയിലേക്ക് മടങ്ങും. അയ്യപ്പഭക്തസംഘം പ്രസിഡൻറ് ഗോപാലകൃഷ്ണപിള്ള, വൈസ് പ്രസിഡൻറ് ആർ. ഗോപകുമാർ, ട്രഷറർ കെ. ചന്ദ്രകുമാർ, കമ്മിറ്റി അംഗം ആർ. മധു എന്നിവരാണ് പ്രധാനികൾ. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ കുട്ടനാട് സന്ദർശിക്കും ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ട് നിർമാണം പൂർത്തിയാക്കാൻ വേണ്ടിയുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര ജലവിഭവ സഹമന്ത്രി അർജുൻ റാം മേഘ്വാൾ ഇൗ മാസം രണ്ടാംവാരത്തിൽ കുട്ടനാട് സന്ദർശിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. കുട്ടനാട് പാക്കേജിൽ പൂർത്തിയാക്കാതെപോയ 400 പാടശേഖരങ്ങളുടെ പുറംബണ്ട് നിർമാണത്തിന് 1250 കോടിയാണ് സംസ്ഥാന സർക്കാർ കേന്ദ്ര ജലവിഭവ വകുപ്പിനോട് ആവശ്യപ്പെട്ടത്. നിശ്ചിത സമയത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാതിരുന്നതിനാൽ കുട്ടനാട് പാക്കേജി​െൻറ കാലാവധി അവസാനിച്ചതോടെ കേന്ദ്ര സർക്കാർ നൽകിവന്ന ധനസഹായം നിർത്തലാക്കി. ഇതോടെ കുട്ടനാട് താലൂക്കിലെ 12 പഞ്ചായത്തുകളിലെ 400 പാടശേഖരങ്ങളിലെ പുറംബണ്ട് നിർമാണം പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് എം.പി പുതിയതായി ചുമതലയേറ്റ കേന്ദ്ര ജലവിഭവ സഹമന്ത്രിയെ നേരിൽ കണ്ട് പ്രത്യേക പരിഗണന ആവശ്യപ്പെട്ടത്. കുട്ടനാട്ടിൽ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ കേന്ദ്ര ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും സെൻട്രൽ വാട്ടർ കമീഷനിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാന ജലവിഭവ മന്ത്രി, കൃഷിമന്ത്രി, ചീഫ് സെക്രട്ടറി, ഇറിഗേഷൻ ചീഫ് എൻജിനീയർ എന്നിവരെയും യോഗത്തിലേക്ക് കേന്ദ്ര സർക്കാർ ക്ഷണിക്കുമെന്നും എം.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.