ചെങ്ങന്നൂർ: പുലിയൂരിലെ ജനവാസ കേന്ദ്രത്തിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി പ്രതിഷേധ മാർച്ച് നടത്തി. മാന്നാർ-ചെങ്ങന്നൂർ റോഡിൽ പുലിയൂർ പാലച്ചുവട് കോടച്ചിറ പട്ടികജാതി ലക്ഷംവീട് കോളനിക്ക് സമീപമാണ് പുതിയ ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിച്ചത്. ഇതിനെതിരെയാണ്മാർച്ച് നടത്തിയത്. മാന്നാർ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്നതും പിന്നീട് നിർത്തലാക്കിയതുമായ ബിവറേജസ് ഔട്ട്ലെറ്റാണ് രണ്ടുദിവസം മുമ്പ് ആരംഭിച്ചത്. വർഷങ്ങൾക്കുമുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് അഞ്ച് വർഷത്തോളമായി പൂട്ടിക്കിടക്കുകയായിരുന്നു. പഞ്ചായത്ത് കെട്ടിട നമ്പർപോലും ഇല്ലാതെ മേൽക്കൂര ഷീറ്റിട്ട് പുതുക്കി ഗോഡൗൺ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബിവറേജസ് ഔട്ട്ലെറ്റിെൻറ പ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പാലച്ചുവട് ജങ്ഷന് സമീപം മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. പാലച്ചുവട് പട്ടികജാതി ലക്ഷംവീട് കോളനിയിൽ കുട്ടികളടക്കം നൂറുകണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്നുമുണ്ട്. ഇൗ സാഹചര്യത്തിൽ ജനവാസ കേന്ദ്രത്തിൽനിന്ന് ബിവറേജസ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.സി. കരുണാകരൻ, പഞ്ചായത്ത് മുൻ അംഗം ഡി. നാഗേഷ് കുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണകുമാരി തെക്കേടത്ത്, സാമൂഹിക പ്രവർത്തകരായ വേണു പിറപുറത്ത്, സജി ചരവൂർ, വിജേഷ്, റാണി സുരേഷ്, ഷാജി കെ. ജോൺ, മധുമോഹൻ, വേണുഗോപാൽ, സനിൽ എന്നിവർ സംസാരിച്ചു. ബി.എസ്.എൻ.എൽ മെഗാ മേള മാവേലിക്കര: ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സെൻററിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളുമായി മെഗാ മേള നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ബി.എസ്.എൻ.എൽ മെഗാ മേള ആരംഭിക്കും. പുതിയ ലാൻഡ് ഫോൺ, േബ്രാഡ്ബാൻഡ്, മൊബൈൽ കണക്ഷനുകൾ എടുക്കാനും മറ്റ് മൊബൈൽ നമ്പറുകൾ ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്യാനുമുള്ള അവസരം ലഭിക്കും. മേളയിൽ 3ജി സിം സൗജന്യമായി ലഭിക്കും. പുതിയ സിം കാർഡ് എടുക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ്, ഫോട്ടോ എന്നിവയുടെ ആവശ്യമില്ല. ആധാർ നമ്പർ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാം. വിച്ഛേദിച്ച ലാൻഡ് ഫോണിെൻറ ബിൽ കുടിശ്ശിക അടച്ച് കണക്ഷൻ പുനഃസ്ഥാപിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ബില്ലിെൻറ തുകയിൽ പരമാവധി ഇളവുകൾ നൽകാനും ബി.എസ്.എൻ.എൽ തയാറാകും. ലാൻഡ് ഫോൺ പുനഃസ്ഥാപിക്കുമ്പോൾ ഇൻസ്റ്റലേഷൻ ചാർജ് സൗജന്യമായിരിക്കുമെന്നും ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചിട്ടുണ്ട്. ബി.എസ്.എൻ.എൽ ആലപ്പുഴ എസ്.എസ്.എ ആദ്യമായാണ് മാവേലിക്കരയിൽ ഇത്തരമൊരു മേള സംഘടിപ്പിക്കുന്നത്. ബി.എസ്.എൻ.എൽ മെഗാ മേളയിൽ എല്ലാ ഉപഭോക്താക്കളും പങ്കെടുത്ത് ആവശ്യമായ സൗജന്യങ്ങൾ നേടണമെന്ന് എം.പി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.