ചെങ്ങമനാട് : പെരിയാറിെൻറ പ്രധാന കൈവഴിയായ തൂമ്പാത്തോട്ടില്‍ തെളിനീരൊഴുക്കാന്‍ ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച പുഴ ശുചീകരണ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. പെരിയാര്‍ സംരക്ഷണ-ശുചീകരണ പദ്ധതിയില്‍ ഏര്‍പ്പെടുത്തി, ഫ്ലോട്ടിങ് എക്സ്കവേറ്റർ (വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന യന്ത്രം) ഉപയോഗിച്ച് മാലിന്യം നീക്കല്‍ പദ്ധതിയാണ് നടപ്പാക്കുന്നത്. നൂറുകണക്കിനാളുകള്‍ കുടിക്കാനും കുളിക്കാനും കൃഷി ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന തൂമ്പാത്തോട്ടിലെ ജലം പായലും മുള്ളന്‍ചണ്ടിയും കാട്ടുവള്ളികളും നിറഞ്ഞ് ഒഴുക്ക് നിലച്ച് കുഴമ്പുരൂപത്തിലായിരിക്കുകയാണ്. വര്‍ഷങ്ങളായി ഇത് ഉപയോഗശൂന്യമായി തീര്‍ന്നിരിക്കുകയാണ്. ചെങ്ങമനാട്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രദേശങ്ങളിലൂടെ ഒഴുകുന്ന പ്രധാന തോടാണിത്. പെരിയാറില്‍ ചൊവ്വരയില്‍നിന്ന് ഉദ്ഭവിച്ച് മംഗലപ്പുഴയില്‍ സംഗമിക്കുന്നതാണ് തൂമ്പാത്തോട്. ഏകദേശം എട്ടര കിലോമീറ്റര്‍ നീളവും 30 മുതല്‍ 40 വരെ മീറ്റര്‍ വീതിയുമുണ്ട്. തദ്ദേശവാസികളുടെയും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും നിരന്തര ആവശ്യം പരിഗണിച്ച് 26 ലക്ഷത്തോളം ചെലവിലാണ് ജില്ല പഞ്ചായത്ത് തോട് ശുചീകരണ പദ്ധതിക്കായി യന്ത്രം വാങ്ങിയിട്ടുള്ളത്. പുഴയിലെ ആഴവ്യത്യാസം മാറ്റി, സര്‍വ മാലിന്യവും പൂര്‍ണമായി നീക്കി പുഴയില്‍ സുഗമമായി ശുദ്ധജലം ഒഴുക്കുകയാണ് പ്രധാന ലക്ഷ്യം. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് തൂമ്പാക്കടവിലെ ചൊവ്വര ഭാഗത്തായിരിക്കും യന്ത്രം ഇറക്കുക. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.