താലൂക്ക് വികസന സമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി

ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും എത്തിയില്ല ആലുവ: താലൂക്ക് വികസന സമിതി യോഗങ്ങൾ പ്രഹസനമായി മാറുന്നെന്ന് ആരോപിച്ച് യോഗത്തിൽനിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി. മുസ്‌ലിം ലീഗ് പ്രതിനിധി പി.എ. അബ്‌ദുൽ സമദ്, ബി.ജെ.പി ജില്ല സെക്രട്ടറി എം.എൻ. ഗോപി, കേരള കോൺഗ്രസ് പ്രതിനിധി ഡൊമിനിക് കാവുങ്കൽ, എൻ.സി.പി പ്രതിനിധി മുരളി പുത്തൻവേലി എന്നിവരാണ് ഇറങ്ങിപ്പോയത്. മാസങ്ങളായി ഉയർത്തുന്ന പ്രതിഷേധങ്ങളെ ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും വിലവെക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയതെന്ന് അബ്‌ദുൽ സമദ് പറഞ്ഞു. ഉദ്യോഗസ്‌ഥരുടെ നിലപാടുകളാണ് അംഗങ്ങളെ കൂടുതൽ ചൊടിപ്പിക്കുന്നത്. യോഗങ്ങളിൽ പങ്കെടുക്കാൻ പല വിഭാഗങ്ങളിെലയും ഉദ്യോഗസ്‌ഥർ എത്താറില്ല. അതിനാൽതന്നെ യോഗങ്ങളിലെടുക്കുന്ന തീരുമാനങ്ങളില്‍ നടപടിയുണ്ടാകുന്നില്ല. കഴിഞ്ഞമാസം നടന്ന വികസനസമിതി യോഗത്തിൽ അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ ഉദ്യോഗസ്‌ഥരുടെ നിഷേധാത്മക നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കരിയാട് ജങ്ഷനില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ട്രാഫിക് സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കണമെന്ന് കഴിഞ്ഞ ആറ് വികസന സമിതി യോഗത്തിലും ആവശ്യപ്പെട്ടിരുന്നതായി ബി.ജെ.പി ജില്ല സെക്രട്ടറി എം.എന്‍. ഗോപി പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ ആസ്‌ഥാനം ആലുവയിലായിരുന്നിട്ടുപോലും പൊലീസുകാർ യോഗം സ്‌ഥിരമായി ബഹിഷ്കരിക്കുകയാണ്. കഴിഞ്ഞമാസം പ്രതിഷേധം ഉയർന്നപ്പോൾ വിവിധ വകുപ്പുകളുടെ ഓഫിസുകള്‍ യോഗ തീരുമാനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ മുന്‍കൂർ റിപ്പോര്‍ട്ട് ചെയ്യാൻ തഹസില്‍ദാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. നഗരത്തിലെ വൺവേ സംവിധാനം, കൈയേറ്റങ്ങൾ, മലിനജല ശുചീകരണ പ്ലാൻറ്, ജില്ല ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നീ കാര്യങ്ങൾ ചർച്ചക്ക് വന്നപ്പോൾ മറുപടി പറയാൻ ആളുണ്ടായില്ല. എം.എൽ.എമാരടക്കമുള്ള ജനപ്രതിനിധികൾ യോഗത്തെ വില കുറച്ച് കാണുകയും പങ്കെടുക്കാതിരിക്കുകയും ചെയ്യുകയാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.