സീറോ മലബാർ ഭൂമിയിടപാട്​: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തിയില്ല; വൈദിക സമിതി യോഗം ഉപേക്ഷിച്ചു

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി വിൽപന വിവാദം ചർച്ച ചെയ്യാനുള്ള നിർണായക വൈദിക സമിതി യോഗം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിട്ടുനിന്നതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു. തുടർന്ന് ഒരു വിഭാഗം അൽമായ പ്രതിനിധികൾ തടസ്സപ്പെടുത്തിയതിനാലാണ് എത്താനാകാത്തത് എന്ന് കർദിനാൾ യോഗത്തെ അറിയിച്ചു. നേരത്തേ, ഭൂമി വിൽപനയിൽ ഗുരുതര വീഴ്ച പറ്റി എന്ന് വിഷയത്തിൽ അന്വേഷണം നടത്താൻ സഭ നിയോഗിച്ച കമീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഉച്ചക്ക് രണ്ടരയോടെതന്നെ വൈദിക സമിതിയിലെ അംഗങ്ങൾ മേജർ ആർച് ബിഷപ് ഹൗസിൽ എത്തി. കർദിനാളും സഹായ മെത്രാന്മാരും യോഗത്തിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. മൂന്നുമണി ആയിട്ടും ഇവർ യോഗം നടക്കുന്നിടത്തേക്ക് എത്താതായതോടെ വൈദികസമിതി സെക്രട്ടറി കർദിനാളി​െൻറ മുറിയിലെത്തിയപ്പോൾ അൽമായരായ മൂന്നാളുകൾ യോഗത്തിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് മുറിയിലുണ്ടായിരുന്നു. ഭൂമി വിൽപന വിവാദത്തിലെ അന്വേഷണ കമീഷൻ റിപ്പോർട്ട് അൽമായരും വൈദികരും ഉൾപ്പെടുന്ന പാസ്റ്ററൽ കൗൺസിലിൽ ആദ്യം അവതരിപ്പിക്കണം എന്നായിരുന്നു ഇവരുടെ നിലപാട്. അൽമായർ തടസ്സപ്പെടുത്തുന്നതിനാൽ യോഗത്തിന് എത്താനാകില്ലെന്ന് കർദിനാൾ അറിയിച്ചതായി വൈദിക സമിതി സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. സഭക്ക് 30 മുതൽ 40 കോടി രൂപ വരെ നഷ്ടമുണ്ടായെന്നാണ് കമീഷ​െൻറ കണ്ടെത്തൽ. ഇതിനിടെ, ആറംഗ അന്വേഷണ കമീഷൻ തയാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. ഭൂമി വില്‍പനയിൽ ഗുരുതര പിഴവാണ് സംഭവിച്ചതെന്നും ഇടനിലക്കാരനായ സജു വർഗീസ് കുന്നേലിനെ കർദിനാളാണ് അതിരൂപതക്ക് പരിചയപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാടില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ എതിർകക്ഷികളാണ്. സഭയുടെ ഭൂമിയിടപാടിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. പെരുമ്പാവൂർ സ്വദേശി ജോഷി സെബാസ്റ്റ്യൻ ആണ് ഹരജി നല്‍കിയത്. ഹരജി ഈ മാസം 12ന് വീണ്ടും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.