ആലുവ മണപ്പുറത്ത് പരിസ്‌ഥിതി സൗഹൃദ ശിവരാത്രി^ദേവസ്വം ബോർഡ്

ആലുവ മണപ്പുറത്ത് പരിസ്‌ഥിതി സൗഹൃദ ശിവരാത്രി-ദേവസ്വം ബോർഡ് ആലുവ: മണപ്പുറത്ത് പരിസ്‌ഥിതി സൗഹൃദ ശിവരാത്രി ആശയവുമായി ദേവസ്വം ബോർഡ്. ശിവരാത്രി മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത വിവിധ വകുപ്പുമേധാവികളുടെ അവലോകന യോഗത്തിലാണ് ഹരിത ശിവരാത്രിക്ക് തീരുമാനമായത്. മഹാശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് മണപ്പുറത്ത് പ്ലാസ്‌റ്റിക് നിരോധനം നടപ്പാക്കും. കഴിഞ്ഞ വർഷം നഗരസഭയും ദേവസ്വം ബോർഡും ഇത്തരത്തിൽ തീരുമാനം എടുത്തെങ്കിലും നടപ്പായില്ല. സംഭവിച്ച പോരായ്മകൾകൂടി കണക്കിലെടുത്താണ് ഇത്തവണ നിരോധനം കർശനമാക്കാൻ തീരുമാനിച്ചത്. ഇതിന് നടപടികൾ ഈ വർഷം സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ പറഞ്ഞു. ശബരിമലയിൽ പ്ലാസ്‌റ്റിക് നിരോധനം ഏർപ്പെടുത്തിയത് ഏറെ വിജയകരമായിരുന്നു. മകരവിളക്കിനുശേഷം ഗുരുസ്വാമിമാരുടെ യോഗം വിളിച്ച് പ്ലാസ്‌റ്റിക് നിരോധനം കർശനമാക്കാൻ നടപടിയെടുക്കും. ഇക്കാര്യത്തിൽ നിയമപരമായ തീരുമാനം ഉണ്ടായാൽ മാത്രം പോരാ, ബോധവത്കരണവും അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഗുരുസ്വാമിമാരുടെ യോഗം വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ വർഷത്തേതുപോലെ ഇക്കുറിയും ശിവരാത്രി ബലിതർപ്പണത്തിനെത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. മണപ്പുറം -ജി.സി.ഡി.എ റോഡ് നവീകരണത്തിന് എം.എൽ.എ 10 ലക്ഷം രൂപ അനുവദിച്ചതായും മണപ്പുറം വൈദ്യുതീകരണത്തിന് 24 ലക്ഷം രൂപ കെ.എസ്.ഇ.ബിക്ക് ഉടൻ അടക്കുമെന്നും നഗരസഭ ചെയർപേഴ്സൻ എബ്രഹാം പറഞ്ഞു. ശുചീകരണത്തിന് 400 ജീവനക്കാരെ നിയോഗിക്കും. തർപ്പണത്തിന് ഉപയോഗിക്കുന്ന കടവുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഭക്തർക്ക് സുരക്ഷയൊരുക്കാൻ നേവിയുടെ മുങ്ങൽ വിദഗ്ധരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് സി.ഐ വിശാൽ ജോൺസൺ പറഞ്ഞു. ഇക്കാര്യത്തിൽ കഴിഞ്ഞവർഷമുണ്ടായ ബുദ്ധിമുട്ടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. മണപ്പുറത്തെ ലഹരി വിൽപന തടയാൻ സ്പെഷൽ സ്ക്വാഡിനെ നിയോഗിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കൊടുങ്ങല്ലൂർ മുതൽ ചേർത്തല വരെയുള്ള വിവിധ ഡിപ്പോകളിൽനിന്നായി 20 ബസുകൾ അധികസർവിസിന് ആലുവയിലെത്തിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ശിവരാത്രി നാളിൽ പുഴയിലെ ജലനിരപ്പ് താഴാതിരിക്കാൻ ഇടമലയാറിലും ഭൂതത്താൻകെട്ടിലും വേണ്ട നടപടി സ്വീകരിക്കും. മണപ്പുറത്ത് വൈദ്യുതി സുരക്ഷ ഉറപ്പാക്കുമെന്ന് കെ.എസ്.ഇ.ബി ഉറപ്പ് നൽകി. വടക്കേ മണപ്പുറത്ത് കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ്‌ പ്രവർത്തിക്കുന്ന സ്‌ഥലത്ത് ആവശ്യത്തിന് വെളിച്ചം ഒരുക്കും. മണപ്പുറത്ത് സൗജന്യ ശുദ്ധജല വിതരണത്തിന് 36 ടാപ്പുകൾ സ്‌ഥാപിക്കും. 20 ബയോ ടോയ്‌ലറ്റ് സ്‌ഥാപിക്കും. അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് പി. പത്മകുമാർ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, കെ. രാഘവൻ, കമീഷണർ സി.പി. രാമരാജ പ്രേമപ്രസാദ്, ചീഫ് എൻജിനീയർ വി. ശങ്കരൻ, നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം, തഹസിൽദാർ സന്ധ്യാദേവി, ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ്, വിവിധ വകുപ്പുമേധാവികളായ പി.എ. നാരായണസ്വാമി, എം.പി. രാജൻ, ബെന്നി ഫ്രാൻസിസ്, വിശാൽ ജോൺസൺ, കെ.വി. അശോകൻ, സി.ഒ. അനിത, എസ്.കെ. സുരേഷ് കുമാർ, കെ.എം. അലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.