ചികിത്സക്കിടെ മരണം: ജേക്കബ്​ വടക്കഞ്ചേരി നാലു ലക്ഷം നഷ്​ടപരിഹാരം നൽകണം

കോഴിക്കോട്: രോഗി മരിച്ച സംഭവത്തിൽ ചികിത്സ നടത്തിയയാളും ആശുപത്രിയധികൃതരും നഷ്ടപരിഹാരം നൽകണെമന്ന് വിധി. കോഴിക്കോെട്ട അഭിഭാഷകനായ സി. വിനയാനന്ദൻ എറണാകുളം ചമ്പക്കര നേച്ചര്‍ ലൈഫ് ഹോസ്പിറ്റലില്‍ 12 കൊല്ലം മുമ്പ് മരിച്ച കേസിൽ ആശുപത്രിയും ചികിത്സക്ക് നേതൃത്വം നൽകിയ ജേക്കബ് വടക്കഞ്ചേരിയും നാലു ലക്ഷം രൂപ ബന്ധുക്കൾക്ക് നഷ്ടം നൽകണമെന്നാണ് ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവ്. പ്രമേഹവും കുടലിൽ അൾസറും വൃക്കയിൽ കല്ലും മറ്റും കാരണം ദുരിതത്തിലായ ഇയാൾ പരസ്യം കണ്ട് േജക്കബ് വടക്കഞ്ചേരിയുടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. 2005ൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ നടത്തിയതിലെ പോരായ്മ കാരണമാണ് മരണമെന്ന് കാണിച്ച് സഹോദരൻ ഗവ.ലോ കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. സി. തിലകാനന്ദനും മറ്റു കുടുംബാംഗങ്ങളുമാണ് ഹരജി നൽകിയത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരിട്ട വിനയാനന്ദനെ ആശുപത്രിയുടെ താഴെ നിലയില്‍നിന്ന് പടികള്‍ കയറ്റി മുകൾ നിലയിലേക്ക് കൊണ്ടുപോയതും യോഗ ചെയ്യിച്ചതും രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതിലെ കഴിവില്ലായ്മയാണെന്ന് ഫോറം വിലയിരുത്തി. ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ നല്‍കിയില്ല എന്ന ഹരജിക്കാരുടെ വാദവും ഇത്തരം രോഗികള്‍ക്ക് പൂര്‍ണ വിശ്രമമാണ് വേണ്ടതെന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. വി. കെ ഗിരീശ‍​െൻറ മൊഴിയും സ്വീകരിച്ചാണ് ഫോറം വിധി. കേസ് ചെലവിലേക്ക് എതിര്‍കക്ഷികള്‍ 15,000 രൂപ നല്‍കണമെന്നും പ്രസിഡൻറ് റോസ് ജോസ്, അംഗങ്ങളായ ബീന ജോസഫ്, ജോസഫ് മാത്യു എന്നിവരടങ്ങിയ ഫോറം ഉത്തരവിട്ടു. ഹരജിക്കാര്‍ക്കുവേണ്ടി അഡ്വക്കറ്റുമാരായ കെ.പി. ഗംഗാധരന്‍, ശ്രീകാന്ത് എസ്. നായർ, രജീഷ് എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.