വിമാനത്താവളം കേന്ദ്രീകരിച്ച്​ ആഡംബര ടൂറിസ്​റ്റ്​ ബസുകളുടെ നികുതി വെട്ടിപ്പ്

കാക്കനാട്: രജിസ്‌ട്രേഷനില്ലാതെ വിമാനത്താവളത്തില്‍ സര്‍വിസ് നടത്തുന്ന ട്രാവല്‍ ഏജന്‍സികളുടെ ആഡംബര ടൂറിസ്റ്റ് വാഹനങ്ങളെ ക്കുറിച്ച് വാഹന വകുപ്പ് അന്വേഷണം തുടങ്ങി. പരിശോധിച്ച് റിപ്പോര്‍ട്ട്് നല്‍കാന്‍ ആലുവ, അങ്കമാലി സബ് ആർ.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആര്‍.ടി ഓഫിസില്‍ രജിസ്ട്രേഷന്‍ നടത്താതെ വര്‍ഷങ്ങളായി നികുതി വെട്ടിച്ച് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനുള്ളില്‍ ഓടുന്ന ആഡംബര ബസ് കഴിഞ്ഞദിവസം എന്‍ഫോഴ്സ്മ​െൻറ് ആര്‍.ടി.ഒ കെ.എം. ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടിയ സാഹചര്യത്തിലാണ് നടപടി. വിമാനത്താവളത്തില്‍ സുരക്ഷക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇൗ നിയമത്തി​െൻറ മറവിലാണ് വിമാനത്താവളത്തിനുള്ളില്‍ ട്രാവല്‍ ഏജന്‍സികളുടെ ആഡംബര ബസുകള്‍ രജിസ്‌ട്രേഷനില്ലാതെ സര്‍വിസ് നടത്തുന്നത്. വിമാനത്താവളത്തില്‍ രജിസ്‌ട്രേഷനില്ലാതെ സര്‍വിസ് നടത്തിയതിന് പിടികൂടിയ ആഡംബര ബസ് ആറുവര്‍ഷത്തിലധികമായി നികുതിയിനത്തില്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടത്തിയിരുന്നത്. വിമാനത്താവളത്തില്‍നിന്ന് വിമാനത്തിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്നത് ആഡംബര ബസുകളിലാണ്. ഇത്തരം വാഹനങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക് കടത്താറില്ല. അറ്റകുറ്റപ്പണിക്ക് കഴിഞ്ഞദിവസം രാത്രി പുറത്തിറക്കിയപ്പോഴാണ് ആഡംബര ബസ് വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വിമാനക്കമ്പനികളാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ആഡംബര വാഹനങ്ങള്‍ക്ക് കരാര്‍ നല്‍കുന്നത്. ഹാന്‍ഡ്ലിങ് ചാര്‍ജ് ഇനത്തില്‍ വിമാനക്കമ്പനികളില്‍നിന്ന് കോടികള്‍ ഇൗടാക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ ആഡംബര വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെയാണ് വിമാനത്താവളത്തില്‍ സര്‍വിസ് നടത്താന്‍ എത്തിക്കുന്നത്. പിടിയിലായ ആഡംബര ബസും ട്രാവല്‍ ഏജന്‍സിയുടേതാണ്. ആഡംബര ബസ് വിലയുടെ 20 ശതമാനം നികുതിയും രജിസ്ട്രേഷന്‍ ഫീസും പിഴയും അടച്ചാല്‍ മാത്രമേ വിട്ടുകൊടുക്കൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പിടിയിലായ ആഡംബര ടൂറിസ്റ്റ് ബസ് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.