അമ്പലപ്പുഴ: രണ്ട് പതിറ്റാണ്ടത്തെ ജയിൽവാസം കഴിഞ്ഞ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് കാക്കാഴം വളഞ്ഞവഴി കിഴക്ക് വെള്ളുപറമ്പിൽ പരേതനായ തങ്കപ്പെൻറ മകൻ സന്തോഷ് വെള്ളിയാഴ്ച നാട്ടിലെത്തും. പുലർച്ച മസ്കത്ത് വിമാനത്താവളത്തിൽനിന്ന് യാത്ര തിരിക്കുന്ന സന്തോഷും കൂടെ ജയിലിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഷാജഹാനും രാവിലെ 7.30ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങും. അവിടെനിന്ന് ബന്ധുക്കളോടൊപ്പം രാവിലെ 11ഒാടെ വീട്ടിലെത്തും. കഴിഞ്ഞ ചൊവ്വാഴ്ച നാട്ടിലെത്തുമെന്നാണ് നേരത്തേ ലഭിച്ച വിവരം. എന്നാൽ, പുതിയ പാസ്പോർട്ട് കിട്ടാനുള്ള കാലതാമസമാണ് യാത്ര വൈകാൻ ഇടയാക്കിയത്. ഒമാൻ സുമൈൽ സെൻട്രൽ ജയിലിൽനിന്ന് കഴിഞ്ഞയാഴ്ച മോചിപ്പിച്ച ഇവരെ നേരത്തേ ജോലി ചെയ്തിരുന്ന കടയുടെ സമീപത്തെ പൊലീസ് സ്റ്റേഷനിലെ പ്രത്യേക മുറിയിലാണ് പാർപ്പിച്ചിരുന്നത്. ഒമാൻ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്ന സിനാവ്, സുഖിൽ എന്നീ രണ്ട് അറബികൾ കൊല ചെയ്യപ്പെട്ട സംഭവത്തിലാണ് സന്തോഷ് കുമാറും ഷാജഹാനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. ഇവർ ജോലി ചെയ്തിരുന്ന കടകളിൽനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇരുവരും അറസ്റ്റിലാകുന്നത്. 24 വയസ്സുള്ളപ്പോഴാണ് അവിവാഹിതനായ സന്തോഷ് കുമാർ ജയിലിലായത്. സന്തോഷ് നാട്ടിലെത്തുമ്പോൾ സ്വീകരിക്കാൻ മാതാവ് ഭാരതി ജീവിച്ചിരിപ്പില്ലെന്ന സങ്കടമാണ് ബന്ധുക്കൾക്ക്. മൂത്ത സഹോദരൻ മഹേശൻ രണ്ടുമാസം മുമ്പ് ഒമാനിലെത്തി സന്തോഷിനെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.