ചൂർണിക്കര ഹൈടെക് വില്ലേജ് ഓഫിസ് യാഥാർഥ്യമാക്കണമെന്ന് ആവശ്യം

ആലുവ: ശക്തമാകുന്നു. ജില്ലയിൽ അനുവദിക്കപ്പെട്ട രണ്ട് ഹൈടെക് വില്ലേജ് ഓഫിസുകളിൽ ഒന്നാണ് ചൂർണിക്കരക്ക് ലഭിച്ചത്. കഴിഞ്ഞ സർക്കാറി​െൻറ കാലത്താണ് ചൂർണിക്കര വില്ലേജ് യാഥാർഥ്യമായത്. ഇതേ തുടർന്ന് തായിക്കാട്ടുകര മാന്ത്രക്കൽ ഭാഗത്ത് വാടകകെട്ടിടത്തിൽ വില്ലേജ് ഓഫിസ് പ്രവർത്തനം ആരംഭിച്ചു. ഇതിനിടയിലാണ് ആധുനിക രീതിയിൽ ഹൈടെക് വില്ലേജ് ഓഫിസാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചത്. സംസ്‌ഥാനത്ത്‌ ഒന്നാം ഘട്ടത്തിൽ അനുമതി ലഭിച്ച വില്ലേജാണ് ചൂർണിക്കര. എല്ലാവിധ ആധുനിക സൗകര്യങ്ങളും അടങ്ങുന്നതാണ് ഹൈടെക് വില്ലേജ് ഓഫിസ്. ഇത്തരം ഓഫിസിൽ റെക്കോഡുകളെല്ലാം ഡിജിറ്റലായിരിക്കും. അതിനാൽ ജനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും മറ്റും എളുപ്പത്തിൽ ലഭ്യമാകും. അർധസർക്കാർ സ്‌ഥാപനമായ എഫ്.ഐ.ടിയുടെ ഭൂമിയിലാണ് വില്ലേജ് ഓഫിസ് നിർമിക്കാൻ സ്‌ഥലം കണ്ടെത്തിയിരുന്നത്. പത്തേക്കറോളാം റവന്യൂ പുറമ്പോക്ക് ഭൂമിയാണ് എഫ്.ഐ.ടിക്കുള്ളത്. ഇവിടെ മൂന്നേക്കറിൽ മാത്രമാണ് സ്‌ഥാപനം പ്രവർത്തിക്കുന്നത്. മുൻ ജില്ല കലക്ടർ എം.ജി. രാജമാണിക്യം ഇതുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കുകയും സർക്കാർ അംഗീകാരത്തിന് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, പദ്ധതി യാഥാർഥ്യമായില്ല. പദ്ധതി നടപ്പാക്കാൻ തടസ്സം സൃഷ്‌ടിക്കുന്നത് എഫ്.ഐ.ടി അധികൃതരാണെന്നാണ് ആരോപണം. അവർ ആവശ്യപ്പെട്ടതനുസരിച്ച് സി.പി.എം ജില്ല കമ്മിറ്റി സർക്കാറിൽ സമ്മർദം ചെലുത്തിയതായും ആരോപണമുണ്ട്. പദ്ധതി തടസ്സപ്പെടാൻ കാരണം എഫ്.ഐ.ടി ചെയർമാ‍​െൻറ എതിർപ്പാണെന്ന് ചൂർണിക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ബാബു പുത്തനങ്ങാടി ആരോപിച്ചു. ചൂർണിക്കരയിലെ ഹൈടെക് വില്ലേജ് ഓഫിസ് ഉടൻ ആരംഭിക്കാൻ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ചൂർണിക്കര പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും തഹസിൽദാർക്ക് നിവേദനം നൽകി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ നസീർ ചൂർണിക്കര, വില്യം ആലത്തറ, ജി. മാധവൻ കുട്ടി, പഞ്ചായത്ത് അംഗങ്ങളായ ലിനേഷ് വർഗീസ്, രാജി സന്തോഷ്, ലിസി സാജു, സതി ഗോപി, മുൻ അംഗം കെ.കെ. ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. നൗഷാദ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് കെ.എസ്. മുഹമ്മദ് ഷെഫീക് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. ഹൈടെക് വില്ലേജ് ഓഫിസ് എഫ്.ഐ.ടി ഭൂമിയിൽ ആരംഭിക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. ദേശീയപാതയോരത്തായതിനാൽ എത്തിപ്പെടാൻ എളുപ്പമാണ്. കമ്പനിപ്പടി, ഗാരേജ് ബസ് സ്‌റ്റോപ്പുകളുടെ സമീപമാണ് ഈ ഭാഗം. പഞ്ചായത്ത് ഓഫിസും സമീപത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.