ലഹരി മരുന്ന്​ കഴിച്ച്​ ഡ്രൈവിങ്​​: രണ്ട്​ മാസത്തിനകം നടപടി വേണമെന്ന്​ ഡി.ജി.പിയോട്​ ഹൈകോടതി

കൊച്ചി: ലഹരിമരുന്ന് ഉപയോഗിച്ചശേഷം വാഹനം ഒാടിക്കുന്നവരെ പിടികൂടാൻ രണ്ട് മാസത്തിനകം നടപടിയെടുക്കണമെന്ന് പൊലീസ് മേധാവിക്ക് ഹൈകോടതി നിർദേശം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ഉപയോഗിക്കുന്ന തരത്തിലുള്ള സംവിധാനങ്ങൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ പൊലീസി​െൻറ പക്കലില്ലെന്നും ഇത് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നതായും ചൂണ്ടിക്കാട്ടി കൊച്ചി വാരിയം റോഡ് വിഷ്ണു വിഹാറിൽ തൗഫീഖ് അഹമ്മദ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ലഹരിമരുന്ന് ഉപയോഗിച്ചവരെ കണ്ടെത്താൻ ഹരജിക്കാരൻ മുന്നോട്ടുെവച്ച നിർദേശങ്ങൾ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ മാത്രമേ കഴിയുന്നുള്ളൂവെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ലഹരിമരുന്നുകൾ ഉപയോഗിച്ചവർ വാഹനപരിശോധനയിൽ രക്ഷപ്പെടുന്നു. ലഹരി തേടുന്ന ഡ്രൈവർമാർ മദ്യത്തിൽനിന്ന് പിന്മാറി മയക്കുമരുന്നുകളെ കൂടുതലായി ആശ്രയിക്കുന്ന അവസ്ഥയാണിപ്പോൾ. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ സംവിധാനങ്ങളുണ്ട്. ഇതിനായി ഡ്രഗ് ഡിറ്റക്ടിങ് മെഷീനുകൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി പൊലീസ് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു. ഹരജിക്കാരൻ നിർദേശിച്ച ഉപകരണങ്ങൾ ഉപയോഗപ്പെടുത്താനാവുമോയെന്ന കാര്യം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.