കെ.കെ. രമക്കെതിരായ സൈബർ ആക്രമണം; കേസെടുക്കാൻ ആവശ്യപ്പെട്ടിരുന്നതായി വനിത കമീഷൻ

കൊച്ചി: ആർ.എം.പി നേതാവ് കെ.കെ. രമക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ആവശ്യപ്പെട്ടിരുന്നതായി വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. കൊച്ചിയിൽ മെഗാ അദാലത്തിനുശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ കമീഷൻ സ്വമേധയാ കേസെടുക്കും. ഗുരുവായൂരിൽ വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിക്കെതിരെ ഇത്തരം ആക്രമണം ഉണ്ടായത് ശ്രദ്ധയിൽപ്പെട്ട ഉടൻ കമീഷൻ ഇടപെട്ടിരുന്നു. കെ.കെ. രമയുടെ കാര്യം ഓഫിസിൽ അറിയിച്ച് നടപടിക്ക് നിർദേശിച്ചിരുന്നുവെന്നും അവർ പറഞ്ഞു. സ്വമേധയാ കേസെടുക്കാമെന്നിരിക്കെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന ചോദ്യത്തിന് അവധിയിലായതിനാൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നായിരുന്നു പ്രതികരണം. ഐ.പി.സി 498 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ഗാർഹിക പീഡന പരാതിയിൽ നടപടിയെടുക്കുന്നതിന് തടസ്സമായിട്ടുണ്ട്. ഭർതൃഗൃഹത്തിൽവെച്ച് മാനസികമായോ ശാരീരികമായോ പീഡനത്തിന് ഇരയായാൽ കുറഞ്ഞസമയത്തിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാനാകുമായിരുന്നു. സ്ത്രീകൾക്ക് വേഗത്തിൽ നിയമപരിരക്ഷ ലഭിക്കുന്ന വകുപ്പാണ് റദ്ദാക്കിയിരിക്കുന്നത്. ഗാർഹിക പീഡനം സംബന്ധിച്ച വ്യാജ പരാതികളുണ്ടാകാം. പക്ഷേ എല്ലാ പരാതികളെയും ഒരേപോലെ കാണുന്നത് നല്ലതല്ല. സ്ത്രീകൾക്ക് അർഹമായ നീതി ലഭ്യമാക്കുന്നതിൽ സുപ്രീ കോടതിയുടെ നടപടി തടസ്സമാകുന്നുണ്ടെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.