ആലപ്പുഴ: സ്ഥാപനത്തിൽ നിർത്താതെ കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ പോറ്റി വളർത്തലിന് (ഫോസ്റ്റർ കെയർ) താൽപര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതി തുടങ്ങിയശേഷം പത്തോളം കുട്ടികളാണ് ഇത്തരത്തിൽ കുടുംബങ്ങളിൽ നിന്ന് വളർന്നത്. മധ്യവേനൽ അവധിക്കാലത്താണ് പദ്ധതി നടപ്പാക്കുന്നത്. പോറ്റിവളർത്തുന്നവർക്ക് താൽപര്യമെങ്കിൽ മധ്യവേനലവധി കഴിഞ്ഞും വീട്ടിൽ നിർത്തി പഠിപ്പിക്കാമെന്ന സൗകര്യവുമുണ്ട്. ഇത്തരത്തിൽ രണ്ട് കുട്ടികൾ ജില്ലയിലുണ്ട്. മാതാവിനും പിതാവിനും വിവിധ കാരണങ്ങളാൽ കൂടെ നിർത്താൻ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തിൽ വളർത്തുന്നതാണ് ഫോസ്റ്റർ കെയർ. അകന്ന ബന്ധുക്കളോ ബന്ധമില്ലാത്തവരോ ആകാം. ജന്മം നൽകിയ മാതാപിതാക്കൾക്ക് കുട്ടിയുടെ മേലുള്ള അവകാശമോ ചുമതലയോ നഷ്ടപ്പെടുന്നില്ലെന്നതാണ് പോറ്റിവളർത്തിെൻറ പ്രത്യേകത. കുട്ടികളെ വേണ്ടവിധം സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാതാപിതാക്കൾക്ക് ഫോസ്റ്റർ കെയർ സംവിധാനം ഉപയോഗിച്ച് അവരെ മറ്റൊരു കുടുംബത്തിൽ സംരക്ഷിക്കാനാകും. സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കുടുംബത്തിലേക്കുതന്നെ കുട്ടിയെ തിരികെ എത്തിക്കാനുമാകും. ഫോസ്റ്റർ രക്ഷാകർത്താവാകാൻ ജില്ല ശിശുസംരക്ഷണ യൂനിറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം ഫോസ്റ്റർ കെയർ കൗൺസലിങ്ങിനും വിധേയമാകണം. ജില്ല ശിശു സംരക്ഷണ ഓഫിസർ നടത്തുന്ന അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും തീരുമാനം. ഫോസ്റ്റർ രക്ഷിതാവിനെ കാണാനും ആശയവിനിമയം നടത്താനും കുട്ടിക്കും സൗകര്യമൊരുക്കും. ഫോസ്റ്റർ രക്ഷിതാവ് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വൈദ്യപരിശോധന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, കുടുംബഫോട്ടോ, രണ്ട് അംഗീകൃത വ്യക്തികളുടെ ശിപാർശക്കത്ത്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയും നൽകണം. ഫോസ്റ്റർ രക്ഷിതാവ് കുട്ടിയെ സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചശേഷം വൈദ്യപരിശോധന നടത്തി കുട്ടിയുടെ ആരോഗ്യസ്ഥിതി നിർണയിക്കാം. തൃപ്തികരമായ ആരോഗ്യനിലയുള്ളവരെ മാത്രമേ പോറ്റിവളർത്തലിന് പുറത്തേക്ക് വിടൂ. ജില്ലയിൽ 2014 മുതലാണ് ജില്ല ശിശുസംരക്ഷണ യൂനിറ്റിന് ഓഫിസും മറ്റു സൗകര്യങ്ങളുമായത്. രണ്ടുവർഷമേ ആയുള്ളു ഇവിടെ പോറ്റിവളർത്തൽ പദ്ധതി തുടങ്ങിയിട്ട്. വേനലവധിക്കാലത്ത് വീട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിലുള്ളവരെയാണ് പോറ്റി വളർത്താൻ നൽകുന്നത്. ഫോസ്റ്റർ കെയർ വഴി കുട്ടിയെ സ്വീകരിക്കാൻ താൽപര്യമുള്ളവർ ജില്ല സംരക്ഷണ യൂനിറ്റുമായി ബന്ധപ്പെടണം. യൂനിറ്റ് ഓഫിസ് ആലപ്പുഴ കോൺവൻറ് സ്ക്വയറിലെ ലത്തീൻ പള്ളി സമുച്ചയത്തിലാണ്. ഫോൺ: 0477 2241644. dcpualpy@gmail.com ഇ-മെയിലിലും ബന്ധപ്പെടാം. സഹാനുഭൂതിയില്ലാത്ത പ്രവർത്തനം മനുഷ്യാവകാശലംഘനം -ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ ചേർത്തല: സഹാനുഭൂതിയില്ലാതെ പ്രവർത്തിക്കുന്നതെല്ലാം മനുഷ്യാവകാശലംഘനമാണെന്ന് ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ അഭിപ്രായപ്പെട്ടു. സെൻട്രൽ ഹ്യൂമൻ റൈറ്റ്‌സ് ഫോറം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ചെയർമാൻ ഗണേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ല കൺവെൻഷെൻറ ഭാഗമായി നടന്ന 'സ്‌നേഹപൂർവം അമ്മക്ക്' പരിപാടിയിൽ പി.സി. ജോർജ് എം.എൽ.എ 1000 അമ്മമാർക്ക് പുടവ വിതരണം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡൻറ് റിട്ട. ജഡ്ജി വി.ടി. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രനടി ഗൗതമി നായർ വിവിധ പ്രവർത്തനമേഖലകളിൽ മികച്ച സേവനമനുഷ്ഠിക്കുന്നവർക്കുള്ള അവാർഡ് ദാനം നിർവഹിച്ചു. ആലപ്പുഴ ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രൻ, വൈസ് ചെയർമാൻ പി.ആർ.വി. നായർ, ജോൺ ഉത്രാടം, ദേശീയ ട്രഷറർ ഷറഫുദ്ദീൻ പുന്നക്കൽ, അഭിലാഷ്, മുഹമ്മദ് കബീർ, വിനു പുളിക്കിച്ചിറയിൽ, സി. സോമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.