കുടുംബശ്രീ 'നീതം' കൂട്ടായ്മ നാളെ

ആദ്യമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ പുരുഷന്മാരും പങ്കെടുക്കുന്നു ആലപ്പുഴ: കുടുംബശ്രീ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാനും സ്ത്രീസൗഹൃദ ഇടം സൃഷ്ടിക്കാനും 'നീതം-2018' കൂട്ടായ്മ ശനിയാഴ്ച സംസ്ഥാനത്തൊട്ടാകെയുള്ള അയല്‍ക്കൂട്ടങ്ങളില്‍ നടക്കും. കുടുംബശ്രീയുടെ ചരിത്രത്തിലാദ്യമായി പുരുഷന്മാരെയും ഈ അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുപ്പിക്കുെന്നന്ന പ്രത്യേകതയും ഉണ്ട്. അയല്‍ക്കൂട്ടതലത്തില്‍ സംഗമങ്ങള്‍, ക്രൈം മാപ്പിങ്, സി.ഡി.എസ് സംഗമം, ചലച്ചിത്ര പ്രദര്‍ശനം, മൊബൈല്‍ ഫോട്ടോഗ്രഫി, കുടുംബസംഗമം, ജില്ലതല സംഗമങ്ങള്‍ എന്നിവയും നടക്കും. 'നീതം-2018' അയല്‍ക്കൂട്ടങ്ങളില്‍ നടത്താനുള്ള പരിശീലനമായി ജില്ലയിലെ തദ്ദേശ സ്വയംഭണ സ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ജില്ലതല ആര്‍.പിമാര്‍, കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, ജില്ല മിഷന്‍ സ്റ്റാഫ് എന്നിവര്‍ക്കുള്ള പരിശീലനം ജില്ലതലത്തില്‍ ലഭ്യമാക്കിയിരുന്നു. കൂടാതെ ജില്ലയിലെ 79 സി.ഡി.എസിലും ദിനേന പരിശീലന പരിപാടികള്‍ നടന്നുവരുന്നു. അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ നടപടികളും അതിക്രമങ്ങള്‍ക്കിരയായവര്‍ക്ക് പുനരധിവാസ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യാനും നടപ്പാക്കാനും പ്രാദേശിക കൂട്ടായ്മ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശനിയാഴ്ച സംസ്ഥാനതലത്തില്‍ 'നീതം-2018' രണ്ട് സെഷനിലായാണ് നടക്കുന്നത്. രാവിലെ മുതല്‍ ഉച്ചവരെ അയൽക്കൂട്ടങ്ങളില്‍ സംസ്ഥാന മിഷനില്‍നിന്ന് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതി​െൻറ ഭാഗമായി പ്രത്യേകം തയാറാക്കി നല്‍കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഉച്ചക്കുശേഷം കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബങ്ങളിലെ പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ചര്‍ച്ചകളും നടത്തും. അയല്‍ക്കൂട്ട സംഗമത്തിലെയും കുടുംബ സംഗമത്തിലെയും ആശയങ്ങള്‍ സി.ഡി.എസ് തലത്തില്‍ ക്രോഡീകരിക്കും. അതിക്രമങ്ങള്‍ക്കെതിരെ സഹയാത്ര സംഗമം 17ന് സി.ഡി.എസ് തലങ്ങളില്‍ നടക്കും. മാര്‍ച്ച് എട്ട് വനിതദിനത്തില്‍ സംസ്ഥാനതല സംഗമം തിരുവനന്തപുരത്ത് നടക്കും. 'നീതം-2018' ജില്ലയിലെ എല്ലാ അയല്‍ക്കൂട്ടങ്ങളിലും മികവുറ്റ രീതിയില്‍ നടത്താൻ പ്രാദേശികതലത്തില്‍ വിവിധ പരിശീലന പരിപാടികള്‍ ജില്ലയിലുടനീളം സംഘടിപ്പിച്ചുവരുന്നതായി കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍, എ.ഡി.എം.സി കെ.ബി. അജയകുമാര്‍, ജെൻഡര്‍ ഡി.പി.എം മോള്‍ജി ഖാലിദ് എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.