കൊച്ചി: പ്ലസ് വൺ പരീക്ഷാഫീസ് കൂട്ടിയതിനെതിരായ സമരത്തിനിടെ ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിനെ കരി ഒായിൽ ഒഴിച്ച കേസ് ഹൈകോടതി റദ്ദാക്കി. കേസ് പിൻവലിക്കാൻ വിരോധമില്ലെന്ന് കേശവേന്ദ്ര കുമാർ രേഖാമൂലം വ്യക്തമാക്കിയ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പാങ്ങോട് സ്വദേശി സിപ്പി നൂറുദ്ദീൻ നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് കേശവേന്ദ്ര കുമാർ വ്യക്തമാക്കിയെങ്കിലും സർക്കാറിനുണ്ടായ നഷ്ടം പരിഹരിക്കാൻ ഇതുകൊണ്ട് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിപ്പിക്കുന്നത് തടയാനുള്ള നിയമപ്രകാരം അഞ്ചുലക്ഷം രൂപ കെട്ടിെവച്ചിട്ടുണ്ടെന്നും നഷ്ടം ഇതിൽനിന്ന് ഈടാക്കാമെന്നും ഹരജിക്കാരെൻറ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, കേസ് റദ്ദാക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. ഹയർ സെക്കൻഡറി ഡയറക്ടർ ഒാഫിസിൽ കയറി ആക്രമണം നടത്തിയ കേസാണിതെന്നും റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും അദ്ദേഹം വാദിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി തുടർനടപടി ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു. 2013 ഫെബ്രുവരി അഞ്ചിന് സിപ്പി നൂറുദ്ദീെൻറ നേതൃത്വത്തിൽ കെ.എസ്.യു പ്രവർത്തകരായ എട്ട് വിദ്യാർഥികൾ കേശവേന്ദ്ര കുമാറിെൻറ ചേംബറിൽ അതിക്രമിച്ച് കയറി കരി ഒായിൽ ഒഴിച്ചെന്നാണ് കേസ്. കമ്പ്യൂട്ടർ, ഫോൺ തുടങ്ങിയവ സമരക്കാർ നശിപ്പിച്ചതിനാൽ അഞ്ചുലക്ഷം രൂപയുടെ നഷ്ടം സർക്കാറിനുണ്ടായെന്ന് കണക്കാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.