കൊച്ചി: നിർദിഷ്ട ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട് 2013ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് അംഗീകരിച്ച അലൈൻമെൻറിന് ഹൈകോടതിയുടെ അനുമതി. ജനപ്രതിനിധികളുെടയും പ്രതിഷേധക്കാരുെടയും സാന്നിധ്യത്തിൽ നടന്ന യോഗം തീരുമാനിക്കുകയും പിന്നീട് റെയിൽവേ അംഗീകരിക്കുകയും ചെയ്ത റൂട്ടിലൂടെയുള്ള പാത നിർമാണത്തിന് നടപടികൾ തുടരാമെന്ന് കോടതി വ്യക്തമാക്കി. കോട്ടയം ജില്ലയിലെ അലൈൻമെൻറിൽ മാറ്റംവരുത്താനുള്ള നീക്കത്തിനെതിരെ അങ്കമാലി-എരുമേലി റെയിൽപാത ആക്ഷൻ കമ്മിറ്റി നൽകിയ ഹരജി തള്ളിയാണ് ഇൗ ഉത്തരവ്. അങ്കമാലിയിൽനിന്ന് തുടങ്ങുന്ന പാതക്ക് കോട്ടയം ജില്ലയിലെ അലൈൻമെൻറിനെപ്പറ്റി തർക്കമുണ്ടായപ്പോഴാണ് 2013ൽ പാലായും ഇൗരാറ്റുപേട്ടയും ഒഴിവാക്കി അന്തിനാട്-ഭരണങ്ങാനം-ചെമ്മലമറ്റം-കാഞ്ഞിരപ്പള്ളി-എരുമേലി റൂട്ടിലൂടെ പാത കൊണ്ടുേപാകാൻ തീരുമാനമുണ്ടായത്. ഇൗ അലൈൻമെൻറിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. റെയിൽവേ അഡ്മിനിസ്ട്രേഷൻ അംഗീകരിച്ച അലൈൻമെൻറിൽ മാറ്റംവരുത്തി പാലായും ഇൗരാറ്റുപേട്ടയും ഒഴിവാക്കി പാത കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ചില രാഷ്ട്രീയ നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയാണ് തീരുമാനമെന്നും ഇത് അനുവദിച്ചാൽ 19 വർഷമായി കാത്തിരുന്ന ജനങ്ങളോടു ചെയ്യുന്ന അനീതിയാകുമെന്നും ഹരജിയിൽ പറഞ്ഞിരുന്നു. നേരേത്ത തീരുമാനിച്ച റൂട്ടുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം നേരിടേണ്ടിവന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചക്ക് വഴിയൊരുങ്ങിയതെന്ന് സത്യവാങ്മൂലത്തിൽ റെയിൽവേ ചൂണ്ടിക്കാട്ടി. 2002ൽ അലൈൻമെൻറ് സംബന്ധിച്ച തീരുമാനമെടുത്തെങ്കിലും പെരിയാർ കടുവ വന്യജീവി സേങ്കതത്തിന് കോട്ടംതട്ടാതിരിക്കാൻ പാതയുടെ അവസാന സ്റ്റേഷൻ എരുമേലിയാക്കി പിന്നീട് നിജപ്പെടുത്തി. കോട്ടയം ജില്ലയിലെ 72 കിേലാമീറ്റർ സ്ഥലത്ത് അതിർത്തി കല്ലിടലും മറ്റും പൂർത്തിയാക്കിയെങ്കിലും ജനസാന്ദ്രതയേറിയ സ്ഥലത്തുകൂടി പാത പോകുന്നതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. ഇേത തുടർന്ന് 2013 ഏപ്രിൽ 30നും മേയ് 14നും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അനുരഞ്ജന യോഗം വിളിച്ചു. മേയിലെ യോഗത്തിലാണ് പുതിയ അൈലൻമെൻറ് തീരുമാനമായത്. തുടർന്ന് പ്രാഥമിക സർവേ നടന്നു. പാതയുടെ ൈദർഘ്യം 115.75 കിേലാ മീറ്ററിൽനിന്ന് 111.2 ആയി കുറഞ്ഞു. നിയമപരമല്ലാത്തതോ ദുരുദ്ദേശ്യപരമായതോ ആയ തീരുമാനമല്ല യോഗത്തിൽ എടുത്തത്. ശബരിമല തീർഥാടകർക്കടക്കം ലക്ഷക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമായ ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണിത്. ഇടുക്കിയുടെ കൃഷി, വിനോദസഞ്ചാര മേഖലക്ക് പദ്ധതി പ്രയോജനപ്പെടും. സ്ഥലം വിട്ടുനൽകേണ്ടിവരുമെന്ന ആശങ്കയിൽ പദ്ധതി അട്ടിമറിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്നും ദക്ഷിണ റെയിൽവേ െഡപ്യൂട്ടി ചീഫ് എൻജിനീയർ മുഹ്യിദ്ദീൻ പിച്ച നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. റെയിൽവേയുടെ വാദങ്ങൾ അംഗീകരിച്ച കോടതി, ഹരജി തള്ളി 2013ലെ അലൈൻമെൻറ് പ്രകാരമുള്ള നടപടികൾക്ക് അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.