കൊച്ചി: പവിഴപ്പുറ്റുകളും ആൽഗകളും മുത്തുകളും ചെറുതും വലുതുമായ മത്സ്യങ്ങളും ഞണ്ടുകളും തുടങ്ങി കടലോളം അറിവുകളും വിസ്മയ കാഴ്ചകളുമൊരുക്കി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) ഒരുക്കിയ 'കടലറിവ് ' പ്രദർശനം ശ്രദ്ധേയമായി. സി.എം.എഫ്.ആർ.ഐയുടെ 71-ാമത് സ്ഥാപകദിനത്തിെൻറ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. സമുദ്ര ജൈവവൈവിധ്യങ്ങളുടെ വിസ്മയങ്ങളും കടലാഴങ്ങളിലെ അപൂർവ കാഴ്ചകളും ആസ്വദിക്കാനും മനസ്സിലാക്കാനുമായി സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവരുടെ വൻതിരക്കായിരുന്നു. ആനത്തിരണ്ടി, ഗിത്താർ മത്സ്യം, വിവിധയിനം സ്രാവുകൾ തുടങ്ങി 54 ഇനം അടിത്തട്ട് മത്സ്യങ്ങളും 52 ഇനം ഉപരിതല മത്സ്യങ്ങളും 30 ഇനം ചെമ്മീൻ,- ഞണ്ട് വർഗങ്ങളും കാഴ്ചക്കാരെ ആകർഷിച്ചു. മുത്തുച്ചിപ്പി കൃഷി ചെയ്ത് അവ വേർതിരിച്ചെടുക്കുന്ന രീതികളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സി.എം.എഫ്.ആർ.ഐയിലെ കക്ക വർഗ ഗവേഷണ വിഭാഗം കൃഷി ചെയ്ത് വേർതിരിച്ചെടുത്ത, ഗ്രാമിന് 1500 രൂപ വരെ വിലയുള്ള മുത്തുകളാണ് പ്രദർശിപ്പിച്ചത്. ഇവയുടെ വിൽപനയുമുണ്ടായിരുന്നു. സി.എം.എഫ്.ആർ.ഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രദർശനം നടന്നത്. കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിൽ ഏതൊക്കെ രീതിയിൽ ബാധിക്കുന്നുവെന്നത് വിശദീകരിക്കുന്ന നാഷനൽ ഇന്നൊവേഷൻസ് ഓൺ ക്ലൈമറ്റ് റെസിലിയൻറ് അഗ്രികൾചർ (നിക്ര) പദ്ധതിയുടെ സ്റ്റാളും ആളുകൾക്ക് പുതിയ അറിവുകൾ പകർന്നു. സമുദ്രമത്സ്യകൃഷി വിഭാഗം ഒരുക്കിയ വിവിധ മത്സ്യകൃഷിരീതികളുടെ മാതൃകകളും അക്വാപോണിക്‌സ്, കൂടുമത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, നൂതന ജലകൃഷി സംവിധാനമായ റീസർക്കുലേറ്റിങ് അക്വാകൾചർ സിസ്റ്റം (റാസ്)തുടങ്ങിയവയുടെ പ്രവർത്തന മാതൃകകളും സന്ദർശകർക്ക് പുതിയ അറിവുകൾ സമ്മാനിക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.