നീരുവീർത്ത കണ്ണുകളുമായി വൈപ്പിനിലെ വീട്ടമ്മ; വിങ്ങൽ ഉള്ളിലൊതുക്കി മകൾ

നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ കൊച്ചി: ''അവർ പത്തോളം പേരുണ്ടായിരുന്നു. അമ്മയെ വല്ലാതെ അടിച്ചു. വലിയ മരക്കഷണംകൊണ്ടാണ് അടിച്ചത്. തടയാൻ ചെന്നപ്പോൾ എെന്നയും മർദിച്ചു. എന്ത് തെറ്റ് ചെയ്തിട്ടാണെന്നറിയില്ല''. മാനസിക വെല്ലുവിളി നേരിടുന്ന അമ്മക്കേറ്റ മർദനത്തെക്കുറിച്ച് പറയുമ്പോൾ ആ മകളുടെ കണ്ണുകളിൽ നനവ് പടർന്നു. മർദനമേറ്റ വൈപ്പിൻ പള്ളിപ്പുറം വിയറ്റ്നാം കോളനിയിൽ കാവാലംകുഴി സിൻട്രക്ക് (48) എറണാകുളം ജനറൽ ആശുപത്രിക്കിടക്കയിൽ കൂട്ടിരിക്കുകയാണ് പിതാവ് ആൻറണിക്കൊപ്പം മകൾ. സിൻട്രയുടെ തലയിൽ മുറിവുണ്ട്. നെറ്റിയിൽ നീരുവന്ന് വീക്കമുണ്ട്. നീരുവീർത്ത ഇരുകണ്ണും തുറക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. കണ്ണിൽനിന്ന് നീരൊലിക്കുന്നുമുണ്ട്. മൂക്കിനുമുകളിൽ മുറിവേറ്റിട്ടുണ്ട്. മുഖം ചുവന്നുതുടുത്ത നിലയിലാണ്. പലപ്പോഴും വേദനകൊണ്ട് പുളയുകയാണ് ഇൗ വീട്ടമ്മ. സി.ടി സ്കാൻ ഉൾപ്പെടെ പരിശോധനക്കുശേഷം ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടില്ലെന്നും നില തൃപ്തികരമാണെന്നും ജനറൽ ആശുപത്രി സി.എം.ഒ ഡോ. ദീപ്തി ബാബു പറഞ്ഞു. വേദന സഹിക്കാനാവാതെ കിടക്കുന്ന അമ്മയുടെ അരികിലിരുന്ന് തലോടി ആശ്വസിപ്പിക്കുമ്പോഴും മനസ്സി​െൻറ വിങ്ങൽ ഉള്ളിലൊതുക്കുകയാണ് മകൾ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അടിയന്തര ഇടപെടലിനെത്തുടര്‍ന്നാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചത്. മനോരോഗ വിദഗ്ധൻ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം വീട്ടിലെത്തി പരിശോധിക്കുകയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. മതിയായ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. സിൻട്രയെ മാനസികനില പരിശോധനക്ക് വിധേയയാക്കിയശേഷം ആവശ്യമെങ്കിൽ അതിനുള്ള ചികിത്സ ലഭ്യമാക്കുമെന്ന് ഡോ. ദീപ്തി ബാബു പറഞ്ഞു. ജനക്കൂട്ടത്തി​െൻറ മുന്നിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായാണ് സിൻട്ര അയൽക്കാരുടെ ക്രൂര ആക്രമണത്തിനിരയായത്. മർദനത്തിൽ വീണുപോയ ഇവരുടെ പാദത്തിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടിൽ ലിജി അഗസ്റ്റ്യൻ(47), അച്ചാരുപറമ്പിൽ മോളി (44), പാറക്കാട്ടിൽ ഡീന (37) എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.