നനഞ്ഞ രേഖകൾക്ക്​ ഇവിടെ പുതുജീവൻ

കൊച്ചി: ശിലകളിലും താളിയോല ഗ്രന്ഥങ്ങളിലും അടയാളപ്പെടുത്തിയ ചരിത്ര ശേഷിപ്പുകൾക്ക് മാത്രമല്ല നനഞ്ഞുപോയ ജനങ്ങളുടെ ജീവിത രേഖക്കും സംരക്ഷണം നൽകുകയാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൈതൃക പഠന കേന്ദ്രം. പ്രളയത്തിൽ നനഞ്ഞുകുതിർന്ന സർട്ടിഫിക്കറ്റുകളും മറ്റു രേഖകളുമാണ് സൗജന്യമായി ഉണക്കി പഴയതിന് സമാനമാക്കി നൽകുന്നത്. നനഞ്ഞുകുതിർന്ന ആധാരങ്ങൾക്കും വിൽപത്രങ്ങൾക്കും സ്ഥാപനങ്ങളുടെ മറ്റു രേഖകൾക്കുമെല്ലാം ഇവിടെ പുതുജീവൻ ലഭിക്കുന്നു. കടലാസ് നനയുന്നതോടെ നഷ്ടമാകുന്ന ബലവും സ്വാഭാവികതയും വീണ്ടെടുക്കുക എന്ന ശ്രമകരമായ ജോലിയാണ് ഇവർ ചെയ്യുന്നത്. വെള്ളത്തിൽ കുതിർന്നു തീരെ ബലം കുറഞ്ഞ അച്ചടിച്ചതും ടൈപ്പ് ചെയ്തതും നേരിട്ട് എഴുതിയതുമായ ആയിരക്കണക്കിന് രേഖകൾ പൂർവസ്ഥിതിയിലാക്കാൻ നിരവധി പേർ എത്തുന്നുണ്ട്. ആയിരക്കണക്കിന് സർക്കാർ ഫയലുകൾ, ബാങ്ക് രേഖകൾ തുടങ്ങിയ പഴയവ രൂപത്തിലാക്കുന്ന ഉദ്യമമാണ് ഇവിടെ ഏറ്റെടുത്തിരിക്കുന്നത്. വലിയ രീതിയിൽ ഫയൽ നഷ്ടം സംഭവിച്ച കമ്പനികൾക്ക് അവിടേക്ക് എത്തിയും സേവനം ചെയ്തുകൊടുക്കുന്നു. രണ്ടു ദിവസത്തിനിടെ 400 ഓളം പേർ ആവശ്യങ്ങളുമായെത്തി. ഇവ വെയിലത്തിട്ട് ഉണക്കാൻ ശ്രമിച്ചാൽ യു.വി റേഡിേയഷൻ മൂലം പൊടിഞ്ഞുപോകുകയും നിറം മാറുകയും ചെയ്യും. പകരം ഈർപ്പം മാറ്റി ഫംഗസ് ബാധ ഒഴിവാക്കുകയാണ് ആദ്യം ചെയ്യുന്നതെന്ന് പൈതൃക പഠന കേന്ദ്രം കൺസർവേഷൻ വിഭാഗം തലവൻ ഡോ. വി.ആർ ഷാജി 'മാധ്യമ'ത്തോട് പറഞ്ഞു. പേപ്പർ കൺസർവേഷൻ എന്ന പ്രക്രിയയിലൂടെ ഹിൽപാലസിലെ വലിയ ലാബ് ഉപയോഗപ്പെടുത്തിയാണ് ജോലികൾ. നിശ്ചിത താപനില ക്രമീകരിച്ച് പേപ്പർ പ്രത്യേക സംവിധാനങ്ങളിലൂടെ ഉണക്കിയെടുത്ത് രാസപദാർഥങ്ങൾ ഉപയോഗിച്ച് സംരക്ഷിക്കുന്ന രീതിയാണിത്. ഇത്തരം സേവനം പൊതുജനങ്ങൾക്ക് ചെയ്തുനൽകുന്ന മറ്റൊരു ഏജൻസിയും രാജ്യത്തില്ല. ഡോ. വി.ആർ ഷാജി, പി. ഈശ്വരൻ എന്നിവരുടെ മേൽനോട്ടത്തിൽ കൺസർവേഷൻ, ആർക്കൈവ്സ് പി.ജി. ഡിപ്ലോമ വിദ്യാർഥികൾ ഇതിനായി വലിയ സേവനമാണ് ചെയ്യുന്നത്. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ ഹിൽപാലസ് മ്യൂസിയത്തിലുള്ള ടിക്കറ്റ് കൗണ്ടറിന് സമീപം കലക്ഷൻ പോയൻറിൽ നനഞ്ഞ രേഖകൾ സ്വീകരിക്കും. ഫോൺ- 0484 2776374. ഷംനാസ് കാലായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.